കേരളത്തിൽ കൊവിഡിന് പുതിയ ടെസ്റ്റിം​ഗ് സ്ട്രാറ്റജി

single-img
29 August 2021

കേരളത്തിൽ കൊവിഡിന് പുതിയ ടെസ്റ്റിം​ഗ് സ്ട്രാറ്റജി ആവിഷ്കരിച്ചു. ഇപ്പോൾ ആദ്യ ഡോസ് വാക്‌സിന്‍ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ എടുത്ത പശ്ചാത്തലത്തില്‍ ആണ് പുതിയ നീക്കം.

80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തുന്നതാണ്.

ഈ സ്ഥലത്ത് സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആന്റിജന്‍ പരിശോധന നടത്തുന്നതാണ്. കടകള്‍, മാളുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, ട്രാന്‍സിറ്റ് സൈറ്റുകള്‍ തുടങ്ങിയ ഉയര്‍ന്ന സാമൂഹിക സമ്പര്‍ക്കം ഉള്ള ആളുകള്‍ക്കിടയിലാണ് ഈ പരിശോധന നടത്തുന്നത്. ജില്ലയിലെ രോഗത്തിന്റെ സ്ഥിതി വിലയിരുത്താനുള്ള റാണ്ടം പരിശോധനയ്ക്കും ആന്റിജന്‍ മതിയാകും.

80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ഈ രീതി പിന്തുടരുന്നതാണ്. 80 ശതമാനത്തിന് താഴെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയ തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ പഴയ രീതി തുടരുന്നതാണ്.

രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ റാണ്ടം പരിശോധനയില്‍ നിന്നും ഒഴിവാക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച് രണ്ട് മാസത്തിനകം ഉള്ളവരേയും ഇതില്‍ നിന്നും ഒഴിവാക്കുന്നതാണ്.