ജനാധിപത്യത്തെ കൊല്ലുന്ന ബിജെപിയെ രാജ്യത്ത് നിന്നും പുറത്താക്കുന്നത് വരെ പോരാട്ടം തുടരും: അഭിഷേക് ബാനര്‍ജി

single-img
28 August 2021

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സികളുടെ നോട്ടീസില്‍ ഭയപ്പെടില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും പാര്‍ലമെന്റ് അംഗവുമായ അഭിഷേക് ബാനര്‍ജി. കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇഡി) നോട്ടീസ് നല്‍കിയ പിന്നാലെയായിരുന്നു ഈ പ്രതികരണം.

താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഭയപ്പെടുന്നില്ലെന്നും ബി ജെ പിയെ രാജ്യത്ത് നിന്നും പുറത്താക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്ത് ബി ജെ പി ജനാധിപത്യത്തെ കൊല്ലുകയാണ്. ഇഡി, സി ബി ഐ എന്നീ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്താമെന്ന് കരുതേണ്ട, പോരാട്ടം വര്‍ധിക്കുകയെയുള്ളൂ.

ബിജെപിയെ ഈ രാജ്യത്തുനിന്നും തുടച്ചുനീക്കുന്നത് വരെ തൃണമൂല്‍ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അഭിഷേക് ബാനര്‍ജി വ്യക്തമാക്കി. സര്‍ക്കാരിന്റെ കല്‍ക്കരി പാടങ്ങളില്‍ നിന്ന് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് അഭിഷേക് ബാനര്‍ജിക്ക് ഇഡി നോട്ടീസ് നല്‍കിയത്.