സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ നടപ്പാക്കും: മുഖ്യമന്ത്രി

single-img
28 August 2021

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഇപ്പോഴും ശക്തമായി തുടരുന്ന സാഹചര്യത്തിൽ വരുന്ന തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദിവസവും രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ് നിയന്ത്രണം ഉണ്ടാവുക.

വാരാന്ത്യ ഞായറാഴ്ച കർഫ്യൂ ഇപ്പോൾ നിലവിലുണ്ട്. ഇതോടൊപ്പം പ്രതിവാര രോഗവ്യാപനം ഏഴിനു മുകളിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ലോക്ക് ഡൗൺ ഏ‍ര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാജ്യമാകെ നോക്കിയാല്‍ കൊവിഡ് മരണനിരക്ക് കുറവുള്ള സംസ്ഥാനം കേരളമാണെന്നും 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണ നിരക്കെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ശരാശരി ഇതിന്റെ മൂന്നിരട്ടിയാണ്. രോഗ വ്യാപനം തടയുന്നതിന് പദ്ധതികൾ ആവിഷ്കരിക്കാൻ തിങ്കളാഴ്ച യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ വളരെ ഗൗരവപൂര്‍വം പരിശോധിക്കുകയും നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിന്‍റെ സാധ്യതകള്‍ നിലനില്‍ക്കേ കൂടുതല്‍ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളില്‍ മുന്‍പോട്ടു പോയേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.