കാബൂളിലെ ചാവേര്‍ സ്‌ഫോടനം; ആസൂത്രണം ചെയ്ത ഐഎസ് തലവനെ വധിച്ചതായി അമേരിക്ക

single-img
28 August 2021

കാബൂളില്‍ വിമാനത്താവളത്തിന് പുറത്ത് ചാവേര്‍ സ്‌ഫോടനം ആസൂത്രണം ചെയ്ത ഐഎസ് തലവനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതായി അമേരിക്ക. തഗല്‍ നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ആക്രമണം നടത്തിയതെന്നും ആദ്യ സൂചനയനുസരിച്ച് ഇസ്ലാമിക് സ്‌റ്റേറ്റ് ഖൊരാസന്‍ നേതാവ് കൊല്ലപ്പെട്ടതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ക്യാപ്റ്റന്‍ ബില്‍ അര്‍ബന്‍ പറഞ്ഞു.

അതേസമയം, ആക്രമണത്തില്‍ സിവിലിയന്മാര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ലോകത്തെ ഞെട്ടിച്ച് കാബൂള്‍ വിമാനത്താവളത്തിന്റെ ഗേറ്റില്‍ ഐഎസ് ചാവേര്‍ ആക്രമണം നടത്തിയത്.

സ്‌ഫോടനത്തില്‍ 13 അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 170 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.