വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സംഘടനകള്‍ക്കും മുന്നില്‍ തലതാഴ്‌ത്തേണ്ട അവസ്ഥ; നേതാക്കള്‍ക്കെതിരെ നടപടിവേണമെന്ന് വിവിധ എം എസ്എഫ് കോളേജ് യൂണിറ്റുകള്‍

single-img
27 August 2021

വനിതാ വിഭാഗമായ ഹരിത പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘടനാ സംസ്ഥാന നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിന് വിവിധ കോളേജുകളിലെ എം എസ്എ ഫ് യൂണിറ്റുകള്‍ കത്തയച്ചു. തങ്ങള്‍ക്ക് നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സംഘടനകള്‍ക്കും മുന്നില്‍ തലതാഴ്‌ത്തേണ്ട അവസ്ഥയാണുള്ളതെന്നും ആഗസ്റ്റ് 20 ന് അയച്ച കത്തില്‍ പറയുന്നു.

കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജ്, കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് എന്നിവിടങ്ങളിലെ എം എസ്എ ഫ് യൂണിറ്റുകളാണ് ലീഗ് നേതൃത്വത്തിന് കത്തയച്ചത്. പരാതിയില്‍ പറയുന്ന കുറ്റാരോപിതരായ നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോളേജിലെ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നേരത്തെ ഹരിതാ നേതാക്കളുടെ പരാതിയില്‍ ലീഗ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വകലാശാലയിലെ എം എസ്എഫ് ഭാരവാഹികളെല്ലാവരും രാജിവെച്ചിരുന്നു.