കേരളം പിന്തുടരുന്ന മാതൃക തെറ്റാണെങ്കില്‍ ഏത് മാതൃക സ്വീകരിക്കണം?; കൊവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

single-img
27 August 2021

കേരളം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊവിഡ് പ്രതിരോധം പാളിയെന്ന വിമര്‍ശനങ്ങള്‍ക്ക് ചിന്ത വാരികയിലെഴുതിയ ലേഖനത്തിലൂടെ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് രോഗം കൂടുന്നത് ആശങ്കാജനകമെന്ന് പ്രചരിപ്പിച്ച് ചിലര്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും പൊതു ജനവികാരം സര്‍ക്കാരിനെതിരാക്കാനും കൊവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

കേരളം ഇപ്പോള്‍ പിന്തുടരുന്ന മാതൃക തെറ്റാണെങ്കില്‍ പിന്നെ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ലേഖനത്തില്‍ ചോദിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ ഒരാള്‍ പോലും ഓക്സിജന്‍ കിട്ടാതെ കിട്ടാതെ മരിച്ചിട്ടില്ലെന്നും കേരളം ഒരു തുളളി വാക്സിന്‍ പോലും കേരളം നഷ്ടപ്പെടുത്തിയിട്ടില്ലെന്നതും ലേഖനത്തില്‍ ഓര്‍മിപ്പിച്ചു.

അനാവശ്യമായ വിവാദങ്ങള്‍ക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ‘കേരളത്തിന്റെ മോഡല്‍ എന്നുമൊരു ബദല്‍ കാഴ്ചപ്പാടാണ് രാജ്യത്ത് ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. ഈ കൊവിഡ് മഹാമാരിയുടെ ഘട്ടത്തിലും സര്‍ക്കാരിന്‍റെ ഉത്തരവാദിത്തം – പ്രത്യേകിച്ച് ആരോഗ്യ, ക്ഷേമ, വികസന കാര്യങ്ങളില്‍ ഊട്ടിയുറപ്പിക്കുന്ന ബദല്‍ കാഴ്ചപ്പാടാണ് കേരളം മുന്നോട്ടുവെച്ചിട്ടുള്ളത്. ആ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും ഒരിഞ്ചുപോലും സര്‍ക്കാര്‍ പുറകോട്ടു പോകില്ല’ മുഖ്യമന്ത്രി ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.