മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമം; എ പി അബ്ദുള്ളകുട്ടിക്കെതിരെ ഡിജിപിക്ക് പരാതിയുമായി ജമാഅത്തെ ഇസ്ലാമി

single-img
26 August 2021

സമൂഹത്തില്‍ വിവിധ മത വിഭാഗങ്ങള്‍ക്ക് ഇടയില്‍ സ്പർധ വളര്‍ത്തുന്ന തരത്തിലും ശത്രുത സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെയും വര്‍ഗീയ പ്രസ്താവന നടത്തി എന്ന ആരോപണവുമായി ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ള കുട്ടിക്കെതിരെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പരാതി നല്‍കി.

മലബാര്‍ കലാപത്തിലെ ധീര പോരാളി വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേരളത്തിലെ ആദ്യ താലിബാന്‍ നേതാവെന്ന് ആരോപിച്ച് അബ്ദുള്ള കുട്ടി മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിനെതിരെയാണ് പരാതി.

സംസ്ഥാനത്തെ ഹിന്ദു- മുസ്ലിം മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും വൈര്യവും സൃഷ്ടിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് അബ്ദുള്ളകുട്ടിയുടേതെന്നും വ്യാജവും വസ്തുതാവിരുദ്ധവുമായ ഇത്തരം പ്രസ്താവനകളിലൂടെ വിവിധ മതസമൂഹങ്ങള്‍ക്ക് ഇടയില്‍ ശത്രുതയും സ്പർധയും പടര്‍ത്തി കലാപത്തിനുള്ള ശ്രമമാണെന്നും പരാതിയില്‍ ആരോപിക്കുന്നു.

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു എന്നും ‘മാപ്പിള ലഹള’ ഹിന്ദു വിരുദ്ധ കലാപമായിരുവെന്നും ആരോപിച്ച അബ്ദുള്ള കുട്ടി ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ താലിബാനിസം നടപ്പാക്കുകയാണെന്നും ഐ എസ് ബന്ധമാരോപിച്ചു കണ്ണൂരില്‍ നിന്നും എന്‍ ഐ എ അറസ്റ്റ് ചെയ്ത യുവതികളെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്തത് ജമാഅത്തെ ഇസ്ലാമി ആണെന്നും ആരോപിച്ചിരുന്നു.