രക്ഷാ ബന്ധനില്‍ പാമ്പിന് രാഖി കെട്ടാൻ ശ്രമം; യുവാവ് പാമ്പ്‌ കടിയേറ്റു മരിച്ചു

single-img
25 August 2021

രാജ്യമാകെ രക്ഷാബന്ധന്‍ ആഘോഷിക്കുന്നതിനിടെ ബീഹാറില്‍ ഒരു വ്യക്തി തന്റെ ഭക്തി പ്രകടിപ്പിക്കാന്‍ സ്വീകരിച്ച വിത്യസ്ത മാര്‍ഗം ഒരു ജോടി പാമ്പുകള്‍ക്ക് രാഖി കെട്ടാന്‍ ശ്രമം ആയിരുന്നു. സംസ്ഥാനത്തെ ശരണ്‍ ജില്ലയിലെ 25 കാരനായ മന്‍മോഹന്‍ എന്ന യുവാവാണ് ഈ ശ്രമത്തിനിടെ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. നേരത്തെ തന്നെ പാമ്പുകളെ ആകര്‍ഷിക്കുന്ന പാരമ്പര്യ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയാണ് മന്‍മോഹന്‍.

എന്നാല്‍ ഇപ്പോള്‍ രക്ഷാബന്ധനോട് അനുബന്ധിച്ച് സഹോദരിമാരോട് ഒരു ജോഡി പാമ്പുകള്‍ക്ക് രാഖി കെട്ടാന്‍ ആവശ്യപ്പെട്ടിരുന്നു. വിശ്വാസ പ്രകാരം തിന്മയില്‍ നിന്ന് ഒരാളെ സംരക്ഷിക്കുന്നതിനായി നടത്തിയ ആ ചടങ്ങ് യുവാവിന്റെ ജീവന്‍ അപഹരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

ആചാര ഭാഗമായി പാമ്പിന്റെ തലയില്‍ മണ്ണിരയെ ഇടാന്‍ ശ്രമിക്കുമ്പോഴാണ് മന്‍മോഹന് പാമ്പ് കടിയേറ്റത്. ഉടന്‍തന്നെ ശരണ്‍ ജില്ലയിലെ ഏകമയിലെ ആരോഗ്യ കേന്ദ്രത്തിലേക്കായിരുന്നു മന്‍മോഹനെ ചികിത്സയ്ക്കായി കൊണ്ടുപോയത്. എന്നാല്‍ അവിടെയുള്ള ഏക്മ ആരോഗ്യ കേന്ദ്രത്തില്‍ ആന്റി-വെനം കുത്തിവയ്പ്പ് ഉണ്ടായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തെ ചപ്രയിലെ സദര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ, അവിടെ എത്തിയപ്പോഴേക്കും വിഷം ശരീരത്തില്‍ മുഴുവന്‍ വ്യാപിച്ചിരുന്നു. തുടര്‍ന്ന് ചികിത്സിക്കാന്‍ വൈകിയെന്നും അയാള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയുമായിരുന്നു.