എൽഡിഎഫ് മാവേലിയുടെ നന്മയുടെ പ്രതീകം, ബിജെപി വാമന അവതാരം: എംവി ജയരാജന്‍

single-img
21 August 2021

എൽഡിഎഫ് മാവേലിയുടെ നന്മയുടെ പ്രതീകമാണെന്നും ബിജെപി വാമന അവതാരമാണെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. വിഭജന ദിനാചരണം നടത്തണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങളെ ഭിന്നിപ്പിക്കാനും വെറുപ്പിന്റെ രാഷ്ട്രീയ പ്രചരണവുമാണ്. സ്വാതന്ത്രത്തിന്റെ 75 ആം പിറന്നാൾദിനത്തിലാണ് പ്രധാനമന്ത്രി ഇത്തരമൊരു പ്രസംഗം നടത്തിയതെന്നും അദ്ദേഹം തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

ഇടതുപക്ഷം നന്മമരമാണ്. വിശപ്പിന്റെ വില അറിയുന്നതുകൊണ്ടാണ് ആരും പട്ടിണി കിടക്കാത്ത നാടാക്കി മാറ്റാൻ തൊണ്ണൂറു ലക്ഷത്തോളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകിയതെന്നും അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ആർഎസ്എസ് സ്ഥാപക നേതാവ് സ്വാതന്ത്ര്യസമര കാലത്ത് പറഞ്ഞത് ബ്രിട്ടീഷ് വിരുദ്ധരാവുന്നത് ദേശവിരുദ്ധമാണെന്നതായിരുന്നു. ഹിന്ദു മഹാസ്ഥാപക നേതാവ് സവർക്കർ ബ്രിട്ടീഷ് പാദസേവ ചെയ്തയാളും ജിന്നയോടൊപ്പം വിഭജനത്തിന് കൂട്ടുനിന്ന ആളുമാണ്. സിപിഐഎമ്മിന്റെ പ്രഥമ പി. ബി. അംഗങ്ങളായ ഒമ്പത് പേരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുകയും രണ്ടരവർഷം മുതൽ പന്ത്രണ്ട് വർഷം വരെ ജയിലിൽ കിടക്കേണ്ടിവരികയും ചെയ്തവരാണ്. എന്നാൽ സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുത്ത ആർഎസ്എസ്സിന്റേയോ ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിയുടെയോ നേതാക്കളിൽ ഒരാൾക്ക് പോലും ഇത്തരമൊരു പാരമ്പര്യം അവകാശപ്പെടാനില്ല. അതുകൊണ്ടാണോ യുവജനദിനം ആചരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്?.

ആഗസ്റ്റ് 14 വിഭജനദിനമായി ആചരിക്കുകയല്ല, ആഗസ്റ്റ് 15 സ്വാതന്ത്ര്യ സംരക്ഷണ ദിനമായി ആചരിക്കുകയാണ് ദേശസ്നേഹികൾ ചെയ്യേണ്ടത്. മലയാളികൾ ഓണം ആഘോഷിക്കുന്നത് “മാനുഷരെല്ലാം ഒന്നു പോലെ ” എന്ന സന്ദേശം ഉയർത്തിയാണ്. അതാവട്ടെ മാവേലിയുടെ ഭരണകാലത്ത് സമ്പൽ സമൃദ്ധവും ഐശ്വര്യപൂർണ്ണവുമായ ഒരു സമൂഹം ഉണ്ടായിരുന്നു എന്ന മഹത്തായ സങ്കൽപ്പത്തെയാണ് സൂചിപ്പിക്കുന്നത്. മോഡിയുടെ ഭരണകാലത്തെ ക്കുറിച്ച് ചരിത്രം രേഖപ്പെടുത്തുക വാമന അവതാരമിയിരിക്കും എന്നാണ്. മാവേലി നന്മയുടെ പ്രതീകവും, വാമനൻ തിന്മയുടെ അവതാരമാണ്.

ദുരിതകാലത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം തുടർച്ചയായി ദ്രോഹിക്കുകയാണ് ബിജെപി സർക്കാർ ചെയ്തു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണം പാചകവാതക വില ആഗസ്റ്റ് 17 ന് വീണ്ടും വർധിപ്പിച്ചതാണ്. 25 രൂപ വർധിപ്പിച്ചതിനെത്തുടർന്ന് ഗാർഹിക ആവശ്യത്തിനുള്ള ഒരു സിലിണ്ടറിന് 866.50 രൂപയായി. വീട്ടിലെത്തുമ്പോൾ അത് 900 രൂപയാകും. പാചകവാതക സബ്സിഡി പിൻവലിച്ചുകഴിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോൾ എക്സൈസ് തീരുവയും സെസ്സും വർധിപ്പിച്ച് ഇന്ധനവില കൂട്ടുകയാണ് കേന്ദ്രം ചെയ്യുന്നത്. ഓണക്കാലത്തെ ഭരണകൂട കൊള്ളയല്ലാതെ ഇത് മറ്റൊന്നുമല്ല.

ഇടതുപക്ഷം നന്മമരമാണ്. വിശപ്പിന്റെ വില അറിയുന്നതുകൊണ്ടാണ് ആരും പട്ടിണി കിടക്കാത്ത നാടാക്കി മാറ്റാൻ തൊണ്ണൂറു ലക്ഷത്തോളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് നൽകിയത്. സാമൂഹ്യക്ഷേമ പെൻഷൻ വർധിപ്പിച്ചതും മാസംതോറും നൽകുന്നതും പാവങ്ങളോടാണ് എൽഡിഎഫ് സർക്കാരിന്റെ കൂറെന്ന് തെളിയിക്കുന്നു. നേരത്തെ പെൻഷൻ സർക്കാർ എന്ന് ആക്ഷേപിച്ചവർ ഇപ്പോൾ കിറ്റ് വിജയൻ എന്നാണ് പരിഹാസത്തോടെ പറയുന്നത്. ഇത് രണ്ടും ഇടതുപക്ഷം ക്രെഡിറ്റ് ആയി കാണുന്നു. പെൻഷനും കിറ്റും ആരുടേയും ഔദാര്യമല്ല. ജനങ്ങളുടെ അവകാശമാണ്. മതസൗഹാർദ്ദവും മതനിരപേക്ഷതയും കേരളത്തിൽ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉത്തരേന്ത്യയെപ്പോലെ കേരളത്തിൽ വർഗ്ഗീയ കലാപം ഇല്ലാത്തത്. മലയാളികളുടെ മാതൃഭൂമി ഓണം ആഘോഷിക്കുമ്പോൾ രാജ്യത്തിന് തന്നെ ഇടതുപക്ഷഭരണം മാതൃകയും അഭിമാനകരവുമാണ്.