രാഹുല്‍ ഗാന്ധി കാളയെപ്പോലെ, എല്ലായിടത്തും അലഞ്ഞുതിരിയും ആര്‍ക്കും ഒരു ഉപകാരവുമില്ല; അധിക്ഷേപവുമായി കേന്ദ്രമന്ത്രി

single-img
21 August 2021

കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി റാവുസാഹെബ് ദന്‍വെ. രാഹുല്‍ ഗാന്ധി കാളയെപ്പോലെയാണെന്നും ആര്‍ക്കും ഒരുപകാരവുമില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു റാലിയില്‍ സംസാരിക്കുമ്പോഴാണ് വിവാദ പരാമര്‍ശം. ‘രാഹുല്‍ ഗാന്ധിയെക്കൊണ്ട് ആര്‍ക്കും ഒരുപകാരവുമില്ല..അദ്ദേഹം ഒരു കാളയെപ്പോലെ എല്ലായിടത്തും അലഞ്ഞുതിരിയും. എന്നാല്‍ ആര്‍ക്കും ഒരുപകാരവുമില്ല. അവസാന 20 വര്‍ഷമായി ലോക്‌സഭയില്‍ താന്‍ ഇത് കാണുകയാണ്’- ദന്‍വെ പറഞ്ഞു.

അതേസമയം. ദന്‍വെയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ദന്‍വെ നടത്തിയ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പട്ടോലെ മാധ്യമങ്ങളോട് പ്രതികരിച്ചു. കേന്ദ്ര മന്ത്രി അദ്ദേഹത്തിന്റെ എല്ലാ അതിരുകളും ലംഘിച്ചിരിക്കുകയാണ്. അദ്ദേഹം നടത്തിയ പ്രസ്താവന ഇരിക്കുന്ന പദവിക്ക് ചേരുന്നതല്ലെന്നും മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കണമെന്നും നാനാ പട്ടോലെ ആവശ്യപ്പെട്ടു.