സൈബർ ആക്രമണങ്ങൾ ആശയപരമായി പരാജയപ്പെട്ടവരുടെ പേക്കൂത്ത്; ചിന്താ ജെറോമിന് പിന്തുണയുമായി മന്ത്രി ശിവന്‍കുട്ടി

single-img
20 August 2021

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന് നേരെ സൈബര്‍ ആക്രമണങ്ങള്‍ ഒരുവഴി നടക്കുമ്പോള്‍ ചിന്തയ്ക്ക് പിന്തുണയുമായി മന്ത്രി വി ശിവന്‍കുട്ടി. കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് അഭിനന്ദനങ്ങൾ എന്ന് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച അദ്ദേഹം തന്റെ കർമ്മ മേഖലയിൽ എന്നും മികവോടെ പ്രവർത്തിക്കുന്ന ചിന്തയ്ക്ക് നേരെ പലപ്പോഴായി സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട് എന്നത് ആശയപരമായി പരാജയപ്പെട്ടവരുടെ പേക്കൂത്ത് ആയി മാത്രമേ കണക്കാക്കാനാകൂ എന്നും പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരള സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് അഭിനന്ദനങ്ങൾ.

‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്. യു.ജി.സിയുടെ ജൂനിയര്‍ റിസേർച്ച് ഫെലോഷിപ്പോടുകൂടിയാണ് ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ്ഡും പൂർത്തിയാക്കിയ ശേഷമാണ് ഗവേഷണം ആരംഭിച്ചത്.

എസ്.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റും കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന ചിന്താ ജെറോം ഇപ്പോള്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു. കൊല്ലം ചിന്താ ലാന്റിൽ അധ്യാപക ദമ്പതികളായ സി. ജെറോമിന്റേയും എസ്തർ ജെറോമിന്റേയും ഏകമകളാണ് ചിന്താ ജെറോം.

തന്റെ കർമ്മ മേഖലയിൽ എന്നും മികവോടെ പ്രവർത്തിക്കുന്ന ചിന്തയ്ക്ക് നേരെ പലപ്പോഴായി സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട് എന്നത് ആശയപരമായി പരാജയപ്പെട്ടവരുടെ പേക്കൂത്ത് ആയി മാത്രമേ കണക്കാക്കാനാകൂ. ദുരാരോപണങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട് ഇനിയും മുന്നേറാൻ ചിന്തയ്ക്ക് ആകട്ടെ എന്ന് ആശംസിക്കുന്നു.