നിങ്ങള്‍ ഉറപ്പായും അയോധ്യ സന്ദര്‍ശിക്കണം, അഭിമാനം തോന്നും; പി വി സിന്ധുവിന്റെ കോച്ചിനോട് പ്രധാനമന്ത്രി

single-img
20 August 2021

ജപ്പാനിലെ ടോക്യോയില്‍ നടന്ന ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ കോച്ചിനോട് മോദി പറയുന്ന വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

ഒളിമ്പിക്‌സിലെ ഇന്ത്യയുടെ വെങ്കല മെഡല്‍ ജേതാവായ പി വി സിന്ധുവിന്റെ കോച്ച് പാര്‍ക്ക് തായ് സാങ്ങിനോട് അയോധ്യ സന്ദര്‍ശിക്കണം എന്നാണ് മോദി നിര്‍ദേശിച്ചത്. ‘അയോധ്യയും സൗത്ത് കൊറിയയും തമ്മില്‍ ഒരു പ്രത്യേക ബന്ധമുണ്ട്. നേരത്തെ ഇന്ത്യയിലേക്ക് ഒരു സവിശേഷ ചടങ്ങില്‍ പങ്കെടുക്കാന്‍ സൗത്ത് കൊറിയയുടെ പ്രഥമ വനിത എത്തിയിരുന്നു. നിങ്ങള്‍ ഉറപ്പായും അയോധ്യ സന്ദര്‍ശിക്കണം. അയോധ്യയുടെ ചരിത്രം അറിയണം നിങ്ങള്‍ക്ക് അഭിമാനം തോന്നും’- പാര്‍ക്ക് തായ് സാങ്ങിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു.

2018 കാലഘട്ടത്തില്‍ സൗത്ത് കൊറിയയിലെ പ്രഥമ വനിത കിം-ജംഗ് സൂക്ക്, അയോദ്ധ്യയിലെ ക്വീന്‍ ഹു പാര്‍ക്കില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും മോദി പരിശീലകനോട് പറഞ്ഞു. അതേസമയം, തുടര്‍ച്ചയായി രണ്ടു തവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ പി വി സിന്ധു തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിശാഖപട്ടണത്ത് ഒരു സ്‌പോര്‍ട്‌സ് അക്കാദമിയും സ്‌കൂളും ആരംഭിക്കാനുള്ള പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു.