നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ മയിൽ പറന്നു വന്നിടിച്ചു; ഭര്‍ത്താവ് മരിച്ചു

single-img
16 August 2021

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ മയില്‍ പറന്നുവന്ന് ഇടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. തൃശൂര്‍ ജില്ലയിലെ അയ്യന്തോള്‍ പുഴക്കല്‍ റോഡില്‍ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് അപകടം നടന്നത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞതിനെ തുടര്‍ന്ന്പുന്നയൂര്‍ക്കുളം പീടികപറമ്പില്‍ മോഹനന്റെ മകന്‍ പ്രമോസ് (34) ആണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന ഭാര്യ വീണയ്ക്ക്(26) ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തൃശൂര്‍ മാരാര്‍ റോഡിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരനാണ് പ്രമോസ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്.

ഇവര്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയില്‍ പ്രമോസിന്റെ നെഞ്ചില്‍ വന്നിടിക്കുകയായിരുന്നു. പിന്നാലെ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച്‌ മറിഞ്ഞാണ് അപകടം ഉണ്ടായത്. ബൈക്കിടിച്ച്‌ മയിലും ചത്തു. തുടര്‍ന്ന് മയിലിന്‍റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.