താലിബാനൊപ്പം ചേര്‍ന്ന് അഫ്ഗാന്റെ പുനരുദ്ധാരണത്തിലും വികസനത്തിലും പങ്കാളിയാവാന്‍ ചൈന

single-img
16 August 2021

അഫ്ഗാനില്‍ ഭരണത്തില്‍ വന്ന ഭീകരസംഘടനയായ താലിബാനെ അംഗീകരിച്ച ആദ്യ രാജ്യമായി ചൈന. തങ്ങള്‍ അഫ്ഗാനിസ്ഥാനുമായുള്ള സഹകരണവും സൗഹൃദവും ആഴപ്പെടുത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുന്യങ് മാധ്യമങ്ങളോട് പറഞ്ഞു.

‘അയല്‍ രാജ്യമായ ചൈനയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹമുണ്ടെന്ന് താലിബാന്‍ ഇതിനോടകം പലതവണ അറിയിച്ചിട്ടുണ്ട്. ഭാവിയിലേക്കുള്ള അഫ്ഗാന്റെ പുനരുദ്ധാരണത്തിലും വികസനത്തിലും ചൈനയുടെ പങ്കാളിത്തം അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. ആ നീക്കങ്ങളെ ഞങ്ങള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യും.

ഇതോടൊപ്പം തന്നെ തങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള അഫ്ഗാന്‍ ജനതയുടെ സ്വാതന്ത്ര്യത്തെയും അവകാശത്തെയും ചൈന പൂര്‍ണ്ണമായും അംഗീകരിക്കുന്നു. എന്തുകൊണ്ടും സൗഹാര്‍ദപരവും സഹകരണത്തിലൂന്നിയതുമായ ബന്ധമാണ് ചൈന അഫ്ഗാനുമായി പുലര്‍ത്താന്‍ ആഗ്രഹിക്കുന്നത്,’ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.