ബ്രാഹ്മണര്‍ വേണ്ട; ഇതര ജാതികളിലെ 58 പേരെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ച്തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഉത്തരവ്

single-img
15 August 2021

തമിഴ്നാട്ടില്‍ ഇതാദ്യമായി ബ്രാഹ്‌മണ ഇതര ജാതികളിൽനിന്നുള്ള 58 പേരെ വിവിധ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ച് സ്റ്റാലിന്റെ സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ തമിഴ്‌നാട് ഹിന്ദു റിലീജ്യസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റിന്റെ കീഴിൽ വരുന്ന ക്ഷേത്രങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്.

പൂജാരിമാര്‍ക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നേടിയ ശേഷമാണ് ഇവരെ സ്ഥാനത്ത് നിയമിച്ചിരിക്കുന്നത്. ബ്രാഹ്‌മണേതര ജാതികളിൽനിന്നുള്ള 58 പേർക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമന ഉത്തരവ് കൈമാറി. സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽനിന്ന് 12 പേർ, പട്ടികജാതിയിൽനിന്ന് അഞ്ചുപേർ, അതീവ ദുര്‍ബല പിന്നാക്ക വിഭാഗക്കാരിൽനിന്ന് ആറുപേർ എന്നിങ്ങനെ നിയമനം ലഭിച്ചവരിൽ ഉൾപ്പെടും.

ഇവരില്‍ 24 പേർ സർക്കാരിനു കീഴിലുള്ള പാഠശാലകളിൽനിന്നും 34 പേർ സ്വകാര്യ പാഠശാലകളിൽനിന്നുമാണ് പരിശീലനം നേടിയത്. ഇതോടൊപ്പം, ക്ഷേത്രങ്ങളിലെ മറ്റു ജോലികളിലേക്കായി 138 പേർക്കും നിയമനം നൽകിയിട്ടുണ്ട്.