എംഎസ്എഫ് ഹരിത നേതാക്കളുടെ പരാതി; പോലീസ് പരാതിക്കാരിൽ മൊഴിയെടുത്തു

single-img
15 August 2021

എംഎസ്എഫ് ഹരിത നേതാക്കള്‍ നല്‍കിയ സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവർ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന പരാതി വനിതാ കമ്മീഷന്‍ പോലീസില്‍ കൈമാറിയതിനെ തുടര്‍ന്ന് പോലീസ് പരാതിക്കാരിൽ നിന്നും മൊഴിയെടുത്തു.

പരാതിക്കാരുടെ മൊഴി പരിശോധിച്ച ശേഷം പോലീസ് പരാതിയിൽ തുടർ നടപടികൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ തന്നെ വനിതാ കമ്മീഷനും പരാതിക്കാരായ വനിതകളിൽ നിന്നും കമ്മീഷൻ മൊഴി എടുക്കുമെന്നാണ് വിവരം. എംഎസ്എഫിന്റെ വനിതാ വിഭാഗം ഹരിതയുടെ 10 ഭാരവാഹികൾ ഒപ്പിട്ടാണ് പരാതി നൽകിയിട്ടുള്ളത്.

ഇതില്‍ പി കെ നവാസ് വനിതാ പ്രവർത്തകരെ വേശ്യകളെന്ന് വിളിച്ചതായും വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. ഇതോടൊപ്പം തന്നെ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു, ഹരിതയുടെ പ്രവർത്തകർ പ്രസവിക്കാത്ത ഫെമിനിസ്റ്റുകളാണെന്ന് പറഞ്ഞ് തങ്ങളെ അപമാനിച്ചു എന്നും പരാതിയില്‍ പറയുന്നു.