ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സിപിഎം തീരുമാനം സ്വാഗതം ചെയ്ത് ബി ജെ പി

single-img
12 August 2021

രാജ്യം 75ാം സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന വേളയില്‍ ഇത്തവണ ആദ്യമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള സിപിഎം തീരുമാനത്തെ സ്വാഗതം ചെയ്ത് ബി ജെ പി. എന്നാല്‍ കഴിഞ്ഞ 74 സ്വാതന്ത്ര്യദിനങ്ങള്‍ എന്തുകൊണ്ടാണ് അവര്‍ ആഘോഷിക്കാതിരുന്നത് എന്ന കാര്യം വ്യക്തമാക്കണമെന്നും ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.

തങ്ങള്‍ ഇത്തവണ ആര്‍ എസ്‌ ​എസിനെതിരെയാണ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തുന്നത് എന്നാണ് സി പി ​എം പറയുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയെന്ന് സി പി എം ഇപ്പോള്‍ വിശ്വസിക്കുന്നുണ്ടോയെന്നും കൃഷ്ണദാസ് ചോദിക്കുന്നു.

ഇതുവരെ ദേശദ്രോഹ സ്വഭാവത്തില്‍ പ്രവര്‍ത്തിച്ച ഒരു പാര്‍ട്ടിയെ കൊണ്ട് ഇപ്പോള്‍ സ്വാതന്ത്ര്യദിനം ആഘോഷിപ്പിക്കാന്‍ സാധിച്ചത് ആര്‍ എസ്‌എസിന്റെ വിജയമാണെന്നും കൃഷ്ണദാസ് പറഞ്ഞു. ബ്രിട്ടീഷ് ഭരണകാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതും ഗാന്ധിജിയേയും നേതാജിയേയും അപമാനിച്ചതും ശരിയായോയെന്നും സി പി എം വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ഇക്കുറി ഇന്ത്യയുടെ 75 ാം സ്വാതന്ത്ര്യദിനം പാര്‍ട്ടി വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗം സുജന്‍ ചക്രബര്‍ത്തി അറിയിച്ചിരുന്നു. ഇതിനുള്ള നിര്‍ദ്ദേശം സി പി എം കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ചത് ബംഗാള്‍ ഘടകമാണ്.