സുഹൃത്തിനെ കാണാൻ പോകാന്‍ അഞ്ച് പുരുഷന്മാർ തന്നെ തട്ടിക്കൊണ്ടുപോയതായി വ്യാജ വാർത്തയുണ്ടാക്കി പെൺകുട്ടി

single-img
11 August 2021

സ്കൂള്‍ സമയ ശേഷം സുഹൃത്തിനെ കാണാൻ പോകാനായി അഞ്ച് പുരുഷന്മാർ തന്നെ തട്ടിക്കൊണ്ടുപോയതായി വ്യാജ വാർത്തയുണ്ടാക്കി പെൺകുട്ടി. പഞ്ചാബിലെ ലുധിയാനക്കാരിയായ പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്കൂളിന് ശേഷം സുഹൃത്തിനൊപ്പം സമയം ചെലവഴിക്കാൻ വേണ്ടി തന്നെ തട്ടിക്കൊണ്ടുപോയിരിക്കുന്നു എന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചത്.

അന്നേ ദിവസം വീട്ടില്‍ നിന്നും രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടി ഉച്ച കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരാതിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പരിഭ്രാന്തരായ രക്ഷിതാക്കൾ ഭമിയാൻ കാലൻ എന്ന അടുത്തുള്ള പ്രദേശത്ത് താമസിക്കുന്ന ഇതേ സ്കൂളിൽ പഠിക്കുന്ന മറ്റൊരു വിദ്യാർത്ഥിയുമായി ബന്ധപ്പെടുകയായിരുന്നു.

പക്ഷെ ഈ കുട്ടിയോട് തന്റെ രക്ഷിതാക്കൾ ചോദിക്കുകയാണെങ്കിൽ അഞ്ച് പുരുഷന്മാർ തന്നെ തട്ടിക്കൊണ്ടുപോകുന്നത് കണ്ടു എന്ന പറയാൻ പെൺകുട്ടി നേരത്തെതന്നെ നിർദ്ദേശം നൽകിയിരുന്നു. തട്ടിക്കൊണ്ടുപോയി എന്ന് കേട്ടപ്പോള്‍ കൂടുതൽ അന്വേഷണങ്ങൾക്കായി പെൺകുട്ടിയുടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.

പക്ഷെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപാഠി സത്യം വെളിപ്പെടുത്തുകയും പിന്നാലെ നടത്തിയ തെരച്ചിലില്‍ ഹാപ്പി കോളനിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
ഈ പെൺകുട്ടി നേരത്തെ തന്നെ സുഹൃത്തിനെ കാണാൻ പ്ലാൻ ചെയ്യുകയും തന്റെ രക്ഷിതാക്കൾ ചോദിച്ചാൽ നുണ പറയണമെന്ന് വാട്സാപ്പ് വഴി മറ്റു സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

എന്തായാലും ജമൽ പൂർ പോലീസ് ഹാപ്പി കോളനിയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി അവളുടെ രക്ഷിതാക്കൾക്ക് സുരക്ഷിതമായി കൈമാറി. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോണിലെ വാട്സാപ്പ് സംഭാഷണം പരിശോധിച്ചപ്പോഴാണ് എവിടെയാണുള്ളത് എന്ന വിവരം ലഭിച്ചതെന്ന് ജമൽ പൂർ പോലീസ്പറയുന്നു.