ഒബിസി പട്ടിക സംസ്ഥാനങ്ങള്‍ക്ക് തയ്യാറാക്കാം; ബില്‍ പാസാക്കി ലോക്‌സഭ

single-img
10 August 2021

രാജ്യത്ത് ഒബിസി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനസ്ഥാപിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ ഏകകണ്ഠമായി പാസാക്കി. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ആകെ 385 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു.

മറാത്താ കേസിലുണ്ടായ സുപ്രിംകോടതി വിധി നിയമംമൂലം മറികടക്കാനാണ് ഇപ്പോള്‍ ഭേദഗതി കൊണ്ടുവന്നത്. തുടര്‍ന്ന് ഈ ഭരണഘടനാ ഭേദഗതി രാജ്യസഭ നാളെ പരിഗണിക്കും. നേരത്തെ, മറാത്താ സംവരണം റദ്ദാക്കിയ സുപ്രീംകോടതി ഒബിസി പട്ടികയില്‍ ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്താനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമെന്ന് വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയുടെ വിധി വന്നതിനെ തുടര്‍ന്ന് കേരളത്തില്‍ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തെ സര്‍ക്കാര്‍ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഹൈക്കോടതി തടയുകയും ചെയ്തിരുന്നു. ഇപ്പോള്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്വന്തമായി ഒബിസി പട്ടിക തയാറാക്കാന്‍ കഴിയുന്ന ഭരണ ഘടനാ ഭേദഗതിയാണ് ഒബിസി ബില്‍.

കേന്ദ്ര സാമൂഹ്യനീതിമന്ത്രി വീരേന്ദ്രകുമാറാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ ഓരോ സംസ്ഥാനത്തിനും സ്വന്തമായി ഒബിസി പട്ടിക തയ്യാറാക്കാന്‍ കഴിയും.