സംസ്ഥാനത്തെ പോലീസിന് ഭ്രാന്ത് പിടിച്ചെന്ന് പ്രതിപക്ഷം; പോലീസ് ജനകീയ സേനയെന്ന് മുഖ്യമന്ത്രി

single-img
10 August 2021

നിയമസഭയിൽ സംസ്ഥാനത്തെ പൊലീസിന് ഭ്രാന്ത് പിടിച്ചെന്ന രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. എന്നാൽ കോവിഡ് കാലത്തെ പിഴ ചുമത്തൽ ഉൾപ്പെടെയുള്ളപോലീസ് കൈക്കൊണ്ട നടപടികളെ പൂർണമായും ന്യായീകരിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഈ സമയം പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുതെന്നും സംസ്ഥാനത്തെ പോലീസ് ഒരു ജനകീയ സേനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനെ തുടർന്ന് പോലീസ് ചെയ്യുന്ന എല്ലാ തെറ്റിനെയും മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

കോവിഡിന്‍റെ പേരില്‍‌ പശുക്കൾക്ക് പുല്ലരിയാൻ പോകുന്നരേയും വിവാഹ വേദിയിൽ നവവരനേയും മത്സ്യക്കച്ചവടക്കാർക്കെതിരേയും പിഴ ചുമത്തുകയാണ് പൊലീസ് ചെയ്യുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതോടൊപ്പം അട്ടപ്പാടി ആദിവാസി ഊരിലെ പൊലീസ് നടപടിയും പ്രതിപക്ഷം ഉയർത്തിയപ്പോൾ അതിലും മുഖ്യമന്ത്രി പോലീസ് നടപടിയെ പ്രതിരോധിച്ചു.

അട്ടപ്പാടിയിൽ സംഭവിച്ചത് കുടുംബ കലഹത്തെ തുടർന്നുള്ള അക്രമം തടയാനായി പോലീസ് ഇടപെടുകയായിരുന്നു എന്നും . മൂപ്പനും മകനും പൊലീസിനെ ആക്രമിച്ചു പരിക്കേല്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിനെ തുടർന്ന് പൊലീസ് എന്തു ചെയ്താലും അതിനെ ന്യായീകരിക്കുന്നത് മുഖ്യമന്ത്രിക്കു ഭൂഷണമല്ലെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. അട്ടപ്പാടിയിലെ പൊലീസ് ഭൂമാഫിയയുടെ കൈയാളാണെെന്നും ആദിവാസി സമൂഹം ഭീതിയിലാണെന്നും ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി.