നടി ശരണ്യ ശശി വിടവാങ്ങിയത് തന്റെ ജീവിതം മറ്റുള്ളവർക്കൊരു മാതൃകയാക്കി

single-img
9 August 2021

ദീര്‍ഘകാലമായി ബ്രെയിൻ ട്യൂമറിനോടു പടപൊരുതി അതിജീവനത്തിന്റെ പ്രതീകമായിരുന്ന നടി ശരണ്യ ശശി ഇനി ഓർമയാവുകയാണ്. ഇന്ന്തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു ഇവരുടെ അന്ത്യം. അവസാന പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ.

സമീപ ദിവസങ്ങളില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. ഗുരുതരമായ രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോള്‍ മികച്ച ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു.

ഒന്നിലധികം തവണ അർബുദത്തെ പരാജയപ്പെടുത്തിയ ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു. മലയാളത്തിലെ സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലായിരുന്നു ഇവര്‍ക്ക് ബ്രെയിൻ ട്യൂമർ ഉള്ള വിവരം ആദ്യം തിരിച്ചറിയുന്നത്.

തുടര്‍ന്ന് നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ തന്റെ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി തീർത്തും വഷളായി മാറുകയായിരുന്നു. കണ്ണൂർ ജില്ലയിലെ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്.