മയക്കുമരുന്ന് വാങ്ങാൻ യുവാവ് നാലുവയസുള്ള മകനെ 40,000 രൂപയ്ക്ക് വിറ്റു

single-img
8 August 2021

മയക്കുമരുന്ന് വാങ്ങാനായി ആസാമിലെ മോറിഗൻ ജില്ലയിൽ യുവാവ് നാലുവയസുകാരനായ മകനെ 40,000 രൂപയ്ക്ക് വിറ്റു. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ അമിനുൽ ഇസ്ലാം, കുട്ടിയെ വാങ്ങിയ സാസിദാ ബീഗം എന്നിവരെ പോലീസ് അറസ്റ്റുചെയ്തു.

കുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ് നടന്നത്. നേരത്തെ തന്നെ മയക്കുമരുന്ന് ഉൾപ്പടെയുള്ള ലഹരിക്ക് അടിമയായ അമിനുൽ സ്ഥിരം പ്രശ്നക്കാരനാണ്. ഈ വിവരങ്ങള്‍ അറിഞ്ഞതോടെ ഭാര്യ ഇയാളുമായി പിണങ്ങി മാറിയിരുന്നു. പിന്നീട് അമിനുൽ മാസങ്ങളായി തന്റെ പിതാവിനൊപ്പമായിരുന്നു താമസം.

ഏതാനും ദിവസം മുന്‍പ് ഭാര്യയുടെ പിതാവിനെ സമീപിച്ച് അമിനുൾ, ആധാർ കാർഡിനായി അപേക്ഷ നൽകാൻ കുഞ്ഞിനെ തനിക്കൊപ്പം അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച് ഭാര്യാ പിതാവ് കുഞ്ഞിനെ കൂടെ അയക്കുകയും ചെയ്തു. പക്ഷെ ദിവസങ്ങൾ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ എത്തിക്കാത്തതിൽ സംശയം തോന്നി ഭാര്യവീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മറ്റാർക്കോ വിറ്റെന്ന സംശയം ഉണ്ടാകുന്നത്.

ഇതോടുകൂടി ഇവര്‍ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വീണ്ടെടുത്തതും പ്രതികളെ അസ്റ്റുചെയ്തതും. അന്വേഷണ ശേഷം അമിനുൽ കൊടും ക്രിമിനലാണെന്നും മയക്കുമരുന്ന് കച്ചവടത്തിനൊപ്പം സെക്സ് റാക്കറ്റിലെ അംഗവുമാണെന്നും പൊലീസ് പറഞ്ഞു.