39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകള്‍; അന്തിമ പോരാട്ടത്തില്‍ ചൈനയെ പിന്നിലാക്കി അമേരിക്ക ഒളിമ്പിക് ജേതാക്കൾ

single-img
8 August 2021

ജപ്പാനിലെ ടോക്യോയില്‍ നടന്ന ഒളിമ്പിക്സിൽ ഒന്നാം സ്ഥാനം അവസാന നിമിഷം ഫോട്ടോഫിനിഷിലൂടെ സ്വന്തമാക്കി അമേരിക്ക. ഒളിമ്പിക്സിലെ അന്തിമ മെഡൽ പട്ടികയിൽ ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ചൈനയെ പിന്തള്ളി അമേരിക്ക ഒന്നാം സ്ഥാനം നിലനിർത്തിയത്.

നേരത്തെ 2016ൽ റിയോയിലും അതിന് മുൻപ് 2012ൽ ലണ്ടനിലും നടന്ന ഒളിമ്പിക്സുകളിലും അമേരിക്ക തന്നെയായിരുന്നു തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത്.അതേസമയം ടോക്യോ ഒളിമ്പിക്സിന്റെ അവസാന ദിനമായ ഇന്ന് എല്ലാ മത്സരങ്ങളും പൂർത്തിയായപ്പോൾ അമേരിക്കയ്ക്ക് 39 സ്വര്‍ണമുള്‍പ്പടെ 113 മെഡലുകളാണുള്ളത്.

തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് 38 സ്വര്‍ണമുള്‍പ്പടെ 88 മെഡലുകളാണ് ഉള്ളത്. ആകെ സ്വന്തമാക്കിയ മെഡലുകളുടെ എണ്ണത്തിൽ മുന്നിൽ ആയിരുന്നെങ്കിലും ഇന്നലെ വരെ സ്വർണ മെഡലുകളുടെ എണ്ണത്തിൽ ചൈനയുടെ പിന്നിലായിരുന്നു അമേരിക്ക.

പക്ഷെ അവസാന ദിനമായ ഇന്ന് ഈ സ്വർണ മെഡലുകളുടെ ബലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാം എന്ന് കരുതിയിരുന്ന ചൈനയെ ഞെട്ടിച്ചുകൊണ്ട്വനിതകളുടെ ബാസ്​കറ്റ്​ബാളിലും വോളിബാളിലുമുള്‍പ്പടെ അമേരിക്ക തുടര്‍ച്ചയായി മൂന്ന് സ്വർണ മെഡലുകൾ സ്വന്തമാക്കി മുന്നിലേക്ക് കയറുകയായിരുന്നു. ചൈനക്ക് ഇന്ന് മെഡലുകൾ നേടാൻ സാധിച്ചതുമില്ല.

അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി ആതിഥേയരായ ജപ്പാനാണ് മൂന്നാമത്.പിന്നാലെ 22 സ്വർണമടക്കം 65 മെഡലുകൾ നേടിയ ബ്രിട്ടനാണ് നാലാം സ്ഥാനത്ത്. ഏഴ് മെഡലുകൾ മൊത്തത്തിൽ നേടിയ ഇന്ത്യ 48-ാം സ്ഥാനത്താണ്.