അപമര്യാദയായി പെരുമാറിയ പോലീസുകാർക്കെതിരേ നടപടിവേണം; ഗൗരിനന്ദ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു

single-img
7 August 2021

കൊല്ലം ജില്ലയിലെ ചടയമംഗലത്ത് ബാങ്കിൽ ക്യൂ നിൽക്കുന്നവർക്ക് പിഴയിട്ടപോലീസിന്റെ നടപടി ചോദ്യം ചെയ്തതിലൂടെ ശ്രദ്ധേയായ വിദ്യാർഥിനി ഗൗരിനന്ദ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. തനിക്കെതിരേ പോലീസ് എടുത്ത കേസ് പിൻവലിക്കാനും, അപമര്യാദയായി പെരുമാറിയ പോലിസുകാർക്കെതിരേ നടപടി എടുക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗൗരിനന്ദ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ഈ പരാതി ഡിജിപിക്ക് കൈമാറുകയുംനിലവില്‍ കൊല്ലം പോലീസ് അന്വേഷിക്കുകയാണെന്നും, തന്നെ വിളിച്ച് വിവരങ്ങൾ ശേഖരിച്ചുവെന്നും ഗൗരി നന്ദ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്ത് വെച്ചായിരുന്നു ഗൗരിനന്ദ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നൽകിയത്.

പോലീസ് നടപടി ചോദ്യം ചെയ്തതിന് ഗൗരിനന്ദയ്‌ക്കെതിരേ ചടയമംഗലം പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുക്കുകയും പിന്നീട് ജാമ്യമില്ല വകുപ്പ് ഒഴിവാക്കിയെങ്കിലും കേസ് നിലനില്‍ക്കുകയുമായിരുന്നു.

പോലിസുകാർ തന്നോട് അപമര്യാദയായി പെരുമാറിയതിനാലാണ് താനും രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി നന്ദ പിന്നീട് പ്രതികരിച്ചത്. ഇതെല്ലാം ഉൾകൊള്ളിച്ചാണ് അമ്മയ്ക്കും പുനലൂർ എംഎൽഎ പിഎസ് സുപാലിനുമൊപ്പം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നൽകിയത്.