സര്‍ക്കാരിനോട് നന്ദിയും കടപ്പാടും; കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതില്‍ വിസ്മയയുടെ കുടുംബം

single-img
6 August 2021

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭര്‍ത്താവ് കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്ന കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതില്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് വിസ്മയയുടെ കുടുംബം.

ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തരാണെന്നും വിസ്മയയ്ക്ക് നീതി കിട്ടിയെന്നും കുടുംബം പ്രതികരിച്ചു. ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാരിനോട് നന്ദിയും കടപ്പാടുമുണ്ടെന്നും വിസ്‍മയയുടെ കുടുംബം പറഞ്ഞു.

സർക്കാർ സ്വീകരിച്ചത് ചരിത്രപരമായ തീരുമാനമെന്നും സഹോദരിക്ക് നീതി കിട്ടുന്നതിന്‍റെ ആദ്യ പടിയാണിതെന്നുമായിരുന്നു വിസ്‍മയയുടെ സഹോദരന്‍റെ പ്രതികരണം. വിസ്മയയുടെ മരണത്തിന് പിന്നാലെ നടന്ന വകുപ്പ് തല അന്വേഷണത്തിന് പിന്നാലെയാണ് സസ്പെൻഷനിലായിരുന്ന കിരൺകുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത്. 1960-ലെ കേരള സിവിൾ സർവീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ല.