നരേന്ദ്ര മോദി സ്റ്റേഡിയത്തിൻറെ പേരും മാറ്റണം; ഖേൽരത്‌ന പേര് മാറ്റത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ഷമ മൊഹമ്മദ്

single-img
6 August 2021

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഉണ്ടായിരുന്ന ഖേൽ രത്‌ന പുരസ്കാരം മേജർ ധ്യാൻചന്ദിൻറെ പേരിലേക്ക് മാറ്റിയത്തിനെതിരെ കോണ്ഗ്രസ് ദേശീയ വക്താവ് ഷമ മൊഹമ്മദ്. ഇപ്പോൾ രാജ്യത്തുള്ള നരേന്ദ്ര മോഡി സ്റ്റേഡിയം എന്നതിന് പകരം ഏതെങ്കിലും കായിക താരത്തിന്റെ പേര് നൽകിയിരുന്നെങ്കിൽ ഈ ഖേൽരത്‌ന പേര് മാറ്റത്തിലും വിമർശനം ഉണ്ടാകില്ല എന്ന് അവർ അഭിപ്രായപ്പെട്ടു.

അങ്ങിനെ ചെയ്യാത്ത പക്ഷം എല്ലാം രാഷ്ട്രീയ പകവീട്ടൽ മാത്രമാണെന്ന് ഷമ മൊഹമ്മദ് പ്രതികരിച്ചു. രാജീവ് ഗാന്ധിയുടെ പേരിലായിരുന്നു ഖേൽ രത്ന പുരസ്കാരം രാജ്യത്തിന്റെ ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിൻറെ പേരിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് പ്രഖ്യാപിച്ചത്.

ഇന്ത്യ ടോക്കിയോ ഒളിമ്പിക്സ് ഹോക്കിയിൽ മികച്ച പ്രകടനം കാഴ്ച വച്ച അവസരം ഉപയോഗിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഈ നീക്കം. എന്നാൽ പൊതുജന അഭിപ്രായം മാനിച്ചാണ് മേജർ ധ്യാൻചന്ദിൻറെ പേരിലാക്കാനുള്ള തീരുമാനമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

അതേസമയം, മേജർ ധ്യാൻ ചന്ദിൻറെ പേരിലാക്കി പുരസ്ക്കാര പേര് മാറ്റിയതിനെ പ്രതിപക്ഷം എതിർക്കുന്നില്ല. എന്നാൽ ഇത് നരേന്ദ്ര മോദിക്കും ബാധകമല്ലേ എന്ന ചോദ്യം ഉന്നയിച്ചാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്.