വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി; അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിർദ്ദേശം

single-img
6 August 2021

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയ സംഭവത്തിൽ അഭിഭാഷകന്‍ ഹരീഷ് വാസുദേവനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. സംഭവത്തിൽ വാളയാര്‍ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പാലക്കാട് മണ്ണാര്‍ക്കാട് എസ്സി, എസ്ടി സ്പെഷ്യല്‍ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തലേദിവസം ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. ആദ്യ മകള്‍ തൂങ്ങി മരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്ക് പരാതി ഉണ്ടായിരുന്നില്ല. ഒരിക്കല്‍ അച്ഛനും മറ്റൊരിക്കല്‍ ഒരു പ്രതിയും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടിട്ടും ആ അമ്മ മിണ്ടിയില്ലെന്നും ഹരീഷ് എഴുതിയിരുന്നു .

എസ്സി എസ്ടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നാണ്‌ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറയുന്നത്.