കെ ടി ജലീല്‍ ഇന്നും ജീവനോടെയിരിക്കുന്നത് മുസ്ലിംലീഗിന്റെ മര്യാദ കാരണം: ഷാഫി ചാലിയം

single-img
5 August 2021

നേരത്തെ ടിപി ചന്ദ്രശേഖരന്‍സിപിഎം വിട്ടുപോയപ്പോള്‍ 51 വെട്ടുവെട്ടി കഷ്ണമാക്കിയെന്നും എന്നാല്‍ കെ ടി ജലീല്‍ മുസ്ലിംലീഗ് വിട്ടുപോയിട്ടും ഇന്നും ജീവനോടെയിരിക്കുന്നത് മുസ്ലിംലീഗിന്റെ മര്യാദകാരണമാണെന്നും മുസ്ലിംലീഗ് നേതാവ് ഷാഫി ചാലിയം. സിപിഎം വിട്ടുപോയ ഒരു വ്യക്തിയോട് സിപിഎം കാണിക്കുന്ന സമീപനമല്ല മുസ്ലിംലീഗ് വിട്ടുപോയ കെ ടി ജലീലിനോട് ലീഗ് കാണിച്ചതെന്നും അദ്ദേഹം റിപ്പോർട്ടർ ടിവിയില്‍ സംസാരിക്കവേ പറഞ്ഞു.

മുസ്ലിം ലീഗിന്റെ മര്യാദയും സഹിഷ്ണുതയും സംസ്‌കാരവുംകൊണ്ടാണ് കെടി ജലീല്‍ ഇന്ന് ജീവനോടെ ലീഗിനെ വെല്ലുവിളിച്ച് നടക്കുന്നതെന്നും ലീഗിനെ വെല്ലുവിളിച്ച് മലപ്പുറത്ത് പത്രസമ്മേളനം നടത്തുന്നത് ലീഗിന്റെ മര്യാദയും സഹിഷ്ണുതയും സംസ്‌കാരവുംകൊണ്ടാണ് എന്നും പറഞ്ഞു.

മുസ്ലിംലീഗിന്റെ പാര്‍ട്ടിഫണ്ട് പിരിവ് സംബന്ധിച്ച് പറയവേ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലൂടെ തന്നെ ഒരുവലിയ വിഹിതം പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട് എന്ന് ഷാഫി ചാലിയം വ്യക്തമാക്കി . നിലവില്‍ 35 ലക്ഷം മെമ്പര്‍ഷിപ്പാണ് ലീഗിനുള്ളത്. ഈ തുകയില്‍ നിന്നും പാര്‍ട്ടിയുടെ വിവിധ ഘടകകങ്ങള്‍ക്കുള്ളത് കഴിച്ചാല്‍ 50, 60 ശതമാനമാണ് സംസ്ഥാകമ്മിറ്റിക്ക് കിട്ടുന്നതെന്നും അതു തന്നെ കോടികളാണെന്നും ഷാഫി ചാലിയം പറഞ്ഞു.