യുപിയില്‍ ബിജെപിക്ക് മത്സരിക്കാന്‍ പോലും ആളെ കിട്ടില്ല: അഖിലേഷ് യാദവ്

single-img
5 August 2021

യുപിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‍വാദി പാര്‍ട്ടി 400 സീറ്റ് വരെ നേടുമെന്ന പ്രതീക്ഷയുമായി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. രാജ്യമാകെയുള്ള ഇന്ധന വിലവര്‍ദ്ധനയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരായ സൈക്കിള്‍ യാത്രയ്ക്ക് മുന്നോടിയായാണ് അഖിലേഷ് യാദവ് ഇക്കാര്യം പറഞ്ഞത്.

“നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്.പി 350 സീറ്റില്‍ വിജയിക്കുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴുള്ള ജനരോഷം കാണുമ്പോള്‍ തോന്നുന്നത് ഞങ്ങള്‍ 400 സീറ്റില്‍ വിജയിക്കുമെന്നാണ്”- അഖിലേഷ് യാദവ് പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളെ സര്‍ക്കാര്‍ സഹായിച്ചില്ല. ഓക്സിജനും മരുന്നും എത്തിക്കാതെ സര്‍ക്കാര്‍ ജനങ്ങളെ മരിക്കാന്‍ വിട്ടെന്നും അഖിലേഷ് യാദവ് വിമര്‍ശിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിജെപിക്ക് സ്ഥാനാർഥികളില്ലാത്ത സാഹചര്യമാണുള്ളതെന്നും അഖിലേഷ് യാദവ് പറഞ്ഞു.

2017ൽ പറഞ്ഞ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ബിജെപി ഇതുവരെ വായിച്ചിട്ടില്ലെന്നും പകരം ‘മണി ഫെസ്റ്റോ’യിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ കുഞ്ഞുങ്ങളുടെ പോഷകാഹാരക്കുറവ്, കസ്റ്റഡി മരണങ്ങൾ, ഗംഗാ നദിയിലേക്ക് മൃതദേഹം വലിച്ചെറിയല്‍ എന്നിവയുടെ കാര്യത്തില്‍ യോഗി സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ ഒന്നാമതെത്തിച്ചെന്നും അഖിലേഷ് യാദവ് ആരോപിച്ചു. സംസ്ഥാനത്തെ ബ്രാഹ്മണരുടെ വിശ്വാസം വീണ്ടെടുക്കാന്‍ ‘പ്രബുദ്ധ സമ്മേളനം’ നടത്താനും എസ്പി തയ്യാറെടുക്കുകയാണ്.