മന്ത്രി വി ശിവന്‍കുട്ടിയ്‌ക്കെതിരായ ‘ഗുണ്ടാ’ പ്രയോഗം; കെ സുധാകരന്റെത് ആത്മപ്രശംസ: ഡിവൈഎഫ്ഐ

single-img
4 August 2021

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരേ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ ഗുണ്ടാ പരാമര്‍ശം അദ്ദേഹത്തിന് സ്വയം ചേരുന്നതാണെന്ന് ഡിവൈഎഫ്‌ഐ. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ട സുധാകരനാണെന്നും മന്ത്രിക്കെതിരെ നടത്തിയ വാക്പ്രയോഗം സുധാകരന് സ്വയം ഇണങ്ങുന്നതാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറയുന്നു.

ഡിവൈഎഫ്‌ഐയുടെ പ്രസ്താവന പൂര്‍ണ്ണരൂപം:

മന്ത്രി വി ശിവന്‍കുട്ടിയ്‌ക്കെതിരായ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം ആത്മപ്രശംസ മാത്രമാണ്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ഗുണ്ട സുധാകരനാണ്. മന്ത്രിക്കെതിരെ നടത്തിയ വാക്പ്രയോഗം സുധാകരന് സ്വയം ഇണങ്ങുന്നതാണ്. സുധാകരനില്‍ നിന്നും പ്രതീക്ഷിക്കാവുന്ന വാക്കുകള്‍ തന്നെയാണ് ഇതൊക്കെ.

അത്രയും നിലവാരം കുറഞ്ഞ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. അതിനാല്‍ മന്ത്രിക്കെതിരായ വാക്പ്രയോഗങ്ങളില്‍ ആശ്ചര്യമില്ല. എന്നാല്‍ നാവിന് ലൈസന്‍സ് ഇല്ലെന്നു കരുതി ആരെയും അധിക്ഷേപിക്കാമെന്ന ധാര്‍ഷ്ട്യം അംഗീകരിച്ചു നല്‍കാനാകില്ല.

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമപ്പുറം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ തള്ളിപ്പറയാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കള്‍ തയ്യാറാകണം. കെ സുധാകരന്റെ ഇത്തരം പ്രസ്താവനകളില്‍ കോണ്‍ഗ്രസ് നേതൃത്വം ഇന്നലെകളില്‍ പുലര്‍ത്തിയ മൗനമാണ് അദ്ദേഹത്തിന്റെ ഇത്തരം പ്രവണതകള്‍ക്ക് ശക്തി പകരുന്നത്.