ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസ്; ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ ഡിയുടെ നോട്ടീസ്

single-img
4 August 2021

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ ഡിയുടെ നോട്ടീസ്. മറ്റന്നാള്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇപ്പോൾ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തി ഇ ഡി നോട്ടീസ് നല്‍കിയത്.

ലീഗിന്റെ മുഖപത്രമായ ചന്ദ്രിക പത്രത്തിലെ പണമിടപാട് കേസിലാണ് ഇ ഡി യുടെ നടപടി. ഈ കേസില്‍ ഇ ഡി, പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ 24ന് ഇ ഡി ഉദ്യോഗസ്ഥർ പാണക്കാട് നേരിട്ടെത്തി തങ്ങളുടെ മൊഴി രേഖപ്പെടുത്തിയെന്ന് കെ ടി ജലീൽ എം എൽ എ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ ആരോപണം സ്ഥിരീകരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ. കുഞ്ഞാലിക്കുട്ടിയും രം​ഗത്തെത്തി. 10 കോടിയുടെ കള്ളപ്പണം ചന്ദ്രിക അക്കൗണ്ടിലൂടെ വെളുപ്പിച്ചെടുത്തു എന്നാണ് ഇ ഡി കേസ്. എന്നാല്‍ പാലാരിവട്ടം പാലം കമ്മീഷൻ തുക ചന്ദ്രിക പത്രത്തിലെത്തിയെന്ന ആരോപണം തെറ്റാണെന്നും ചന്ദ്രിക പത്രവുമായുള്ള ഒരു സാമ്പത്തിക ഇടപാടിലും പാണക്കാട് ശിഹാബ് തങ്ങൾ ഭാ​ഗമല്ലെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.