ഡല്‍ഹിയില്‍ ഒന്‍പത് വയസുകാരിയായ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; മാതാപിതാക്കളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്കരിച്ചതായി പരാതി

single-img
3 August 2021

ഡൽഹിയിലെ നങ്കലിൽ ഒന്‍പത് വയസ്സുള്ള ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്കരിച്ചെന്ന് പരാതി. സംഭവത്തിൽ പുരോഹിതന്‍ രാധേശ്യാം ഉള്‍പ്പെടെ നാല് പേരെ ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്‍തു.

സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധം രാജ്യതലസ്ഥാനത്തുണ്ടായി. ഞായറാഴ്ച വൈകീട്ട്​ 5.30ഓടെയാണ് സംഭവം. നങ്കലിലെ ശ്​മശാനത്തോട്​ ചേർന്ന് വാടക വീട്ടിലാണ്​ കുട്ടിയും മാതാപിതാക്കളും താമസിച്ചിരുന്നത്. ഓടിക്കളിച്ച്​ തളർന്നപ്പോൾ വെള്ളം കുടിക്കാന്‍ ശ്​മശാനത്തിലെ കൂളര്‍ തേടി വന്നതായിരുന്നു പെണ്‍കുട്ടി​​. വെള്ളം കുടിക്കാൻ പോയ മകളെ കാണാതായതോടെ അമ്മ തിരക്കിയിറങ്ങി.

ഈ സമയം പുരോഹിതനും കൂട്ടരും കുട്ടിയുടെ മൃതദേഹം അമ്മയെ കാണിച്ചു. കൂളറില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് കുട്ടി മരിച്ചതെന്നാണ് പുരോഹിതനും സംഘവും അമ്മയെ അറിയിച്ചത്. ഇതോടൊപ്പം തന്നെ പോലീസിനെ വിവരമറിയിച്ചാൽ അവർ മൃതദേഹം പോസ്റ്റ്​മോർട്ടത്തിന്​ അയക്കുമെന്നും അവയവങ്ങൾ മോഷ്ടിക്കുമെന്നും പുരോഹിതൻ അമ്മയോട്​ പറയുകയും സമ്മർദം ചെലുത്തി മൃതദേഹം ദഹിപ്പിക്കുകയുമായിരുന്നു.

ഇവർ കുട്ടിയുടെ പിതാവിനെ മര്‍ദിച്ചെന്നും പരാതിയുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ കൈത്തണ്ടയിലും മുട്ടിലും പൊള്ളലേറ്റ പാടുണ്ടായിരുന്നു. ഈ കാര്യങ്ങൾ അയല്‍വാസികളോട് പറഞ്ഞതോടെയാണ് ക്രൂരകൃത്യം പുറത്തറിഞ്ഞത്​. നാട്ടുകാര്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ ശ്​മശാനത്തിൽ വെച്ച് ബലാത്സംഗം ചെയ്​ത ശേഷം​ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പുരോഹിതന്‍ രാധേ ശ്യാമിനെ കൂടാതെ ശ്മശാനത്തിലെ ജീവനക്കാരായ ലക്ഷ്മിനാരായണ്‍, കുല്‍ദീപ്, സാലിം എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.