അതിരുവിട്ട് പെരുമാറാൻ പാടില്ല; നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിലായിരിക്കണം; ജില്ലാ പോലീസ് മേധാവിമാർക്ക് നിര്‍ദ്ദേശവുമായി ഡിജിപി

single-img
3 August 2021

സംസ്ഥാനത്ത് പോലീസുകാരുടെ പെരുമാറ്റം അതിരുവിടുന്നുവെന്ന പരാതി ഉയർന്ന പിന്നാലെ പോലീസുകാര്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശങ്ങളുമായി പോലീസ് മേധാവി. കൊവിഡ്, ട്രാഫിക്ക് എന്നീ ഡ്യൂട്ടികള്‍ ചെയ്യുന്ന പോലീസുകാർ അങ്ങേയറ്റം ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നതെങ്കിലും ഉദ്യോഗസ്ഥർ അതിരുവിട്ട് പെരുമാറാൻ പാടില്ല എന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.

പോലീസ് നിയമം നടപ്പാക്കേണ്ടത് അങ്ങേയറ്റം മാന്യമായ രീതിയിൽ ആയിരിക്കണമെന്നും സബ് ഡിവിഷണൽ ഓഫീസർമാർ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് നൽകിയ നിർദ്ദേശത്തിൽ ഡിജിപി അറിയിക്കുന്നു.

കഴിഞ്ഞ ദിവസം മലപ്പുറത്ത് ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ യുവാവിന്റെ ഫോൺ ട്രാഫിക്ക് എസ്ഐ പിടിച്ചുവാങ്ങിയത് ഉള്‍പ്പെടെ പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.