കേരളം തന്നെ മാതൃക; രോഗികളെ ടെസ്റ്റിങ്ങിലൂടെ കൃത്യമായി കണ്ടെത്തി രോഗം നിയന്ത്രിക്കുന്നു; മിഷിഗണ്‍ സര്‍വ്വകലാശാല പ്രൊഫസര്‍

single-img
2 August 2021

കേരളത്തില്‍ ഓരോ ദിവസവും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ഒട്ടുംതന്നെ ആശങ്കപ്പെടേണ്ടതില്ലെന്ന് മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ബയോ സ്റ്റാറ്റിസ്റ്റിക്‌സ് സാംക്രമികരോഗശാസ്ത്രവിഭാഗം പ്രൊഫസര്‍ ഭ്രമര്‍ മുഖര്‍ജി. കേരളം ഇപ്പോള്‍ ചെയ്യുന്നത് രോഗികളെ ടെസ്റ്റിങ്ങിലൂടെ കൃത്യമായി കണ്ടെത്തി രോഗം നിയന്ത്രിക്കുകയാണെന്നും രോഗികളുടെ എണ്ണമല്ല കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ മികവിനെയാണ് സമഗ്രമായി കാണേണ്ടതെന്നും അദ്ദേഹം പറയുന്നു.

പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് കേരളം ഇപ്പോഴും രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞത്‌. ” കേരളത്തില്‍ ഇപ്പോള്‍ ഏകദേശം ഒന്നര ലക്ഷത്തോളം പ്രതിദിന പരിശോധനയാണ് നടക്കുന്നത്. പക്ഷെ കേരളത്തേക്കാള്‍ മൂന്നിരട്ടി ജനസംഖ്യയുള്ള പശ്ചിമ ബംഗാളില്‍ ഇത് 50,000ത്തോളം മാത്രമാണെന്നും ഭ്രമര്‍ മുഖര്‍ജി അഭിമുഖത്തില്‍ പറയുന്നു. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെക്കുറിച്ച് പഠനം നടത്തുകയാണ് ഭ്രമര്‍.

ശരിയായ രീതിയില്‍ കൃത്യമായി രോഗികളെ കണ്ടെത്തി ചികിത്സിക്കുകയും രോഗ വ്യാപനം നിയന്ത്രിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഐ സി എം ആര്‍ പുറത്തുവിട്ട സീറോ സര്‍വ്വേയില്‍ 44 ശതമാനം പേരില്‍ മാത്രം ആന്റി ബോഡി സാന്നിധ്യം കണ്ടെത്താനായതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. സംസ്ഥാനത്തെ മരണനിരക്ക് ദേശീയ നിരക്കിനെ അപേക്ഷിച്ച് കുറവാണ്.

കേരളത്തിലിപ്പോള്‍ രണ്ടുപേരില്‍ ഒരാളില്‍ രോഗനിര്‍ണയം നടക്കുമ്പോള്‍ രാജ്യത്ത് അത് 28ല്‍ ഒന്നുമാത്രമാണ്. ഇത് മികവിനെയാണ് സൂചിപ്പിക്കുന്നത്,” ഭ്രമര്‍ മുഖര്‍ജിപറയുന്നു.