മുഖ്യമന്ത്രിയുടെ പോലീസ് തെറ്റദ്ധരിപ്പിച്ചു; പോലീസ് മത്സ്യം തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ മേരി വർഗ്ഗീസ്

single-img
2 August 2021

കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ റോഡരികിലെ പുരയിടത്തിൽ വെച്ച് കച്ചവടം ചെയ്ത വയോധികയുടെ മത്സ്യം പോലീസ് തട്ടിത്തെറിപ്പിച്ചിട്ടില്ലെന്ന ന്യായീകരണവുമായി വന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സ്യത്തൊഴിലാളി മേരി വർഗ്ഗീസ്. ചില പ്രാദേശിക മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തിയതാണെന്നാണ് മുഖ്യമന്ത്രി ഇന്ന് സഭയിൽ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന പുറത്തുവന്ന പിന്നാലെയാണ് മേരി വർ​ഗ്​ഗീസ് വിശദീകരണവുമായി രം​ഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ പോലീസ് തെറ്റദ്ധരിപ്പിച്ചതാണെന്നും നിരപരാധിയായ തന്റെ വാക്ക് അം​ഗീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. പോലീസ് തന്റെ മീൻ തട്ടിത്തെറിപ്പിച്ചില്ലെന്ന് പറയാൻ മുഖ്യമന്ത്രി അവിടെയില്ലായിരുന്നുവെന്നും മേരി പറഞ്ഞു.

മേരി വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞത്:

“എനിക്ക് പറയാനുള്ളത് പോലീസ് അത് ചെയ്യുമ്പോള്‍ മുഖ്യമന്ത്രി അവിടെ ഇല്ലല്ലോ. മുഖ്യമന്ത്രി അവിടെ ഉണ്ടെങ്കില്‍ അല്ലേ മനസിലാകൂ. അവര്‍ പറഞ്ഞ കള്ളം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയാണ്. കാണാതെ മുഖ്യമന്ത്രി എങ്ങനെ ആ കള്ളം വിശ്വസിക്കും. നിരപരാധിയായ എന്റെ വാക്ക് മുഖ്യമന്ത്രി വിലകല്‍പ്പിക്കുന്നില്ല.”