കേന്ദ്ര മന്ത്രിസ്ഥാനം കിട്ടിയില്ല; രാഷ്ട്രീയം മതിയാക്കുന്നതായി ബിജെപി എംപി

single-img
31 July 2021

കേന്ദ്ര മന്ത്രിസ്ഥാനം ലഭിക്കാത്തതിനാല്‍ അതൃപ്തിയുമായി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുൽ സുപ്രിയോ. പുനസംഘടനയ്ക്ക് ശേഷം കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടപ്പെട്ട പിന്നാലെ സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം.

രാഷ്ട്രീയത്തിന് വിട, ഇനി ഒരു പാർട്ടിയിലേക്കുമില്ല. തൃണമൂൽ കോൺഗ്രസോ കോൺഗ്രസോ സിപിഎമ്മോ ആരും തന്നെ ക്ഷണിച്ചിട്ടില്ല. എവിടേക്കുമില്ല. സാമൂഹിക പ്രവർത്തനം ചെയ്യാൻ രാഷ്ട്രീയത്തിന്റെ ആവശ്യവുമില്ല – അദ്ദേഹം പറയുന്നു.

ഹിന്ദി സിനിമയിലെ ഗായകന്‍കൂടിയായ സുപ്രിയോ പശ്ചിമ ബംഗാളിലെ അസൻസോളിൽനിന്നുള്ള പാർലമെന്റ് അംഗമാണ്.നേരത്തെ കേന്ദ്ര വനം, പരിസ്ഥിതി സഹമന്ത്രിയായിരുന്ന അദ്ദേഹത്തെ ഈ മാസം ആദ്യത്തിൽ നടന്ന മന്ത്രിസഭാ പുനസംഘടനയിൽ ഒഴിവാക്കപ്പെടുകയായിരുന്നു. “ഇതുവരെ ഒരൊറ്റ ടീമിൽ മാത്രം കളിക്കുന്ന താരമാണ് ഞാൻ. എല്ലായ്‌പ്പോഴും ഒരേയൊരു ടീമിനെ മാത്രമേ പിന്തുണച്ചിട്ടുള്ളൂ; മോഹൻ ബഗാനെ മാത്രം. അതേപോലെ ബംഗാളിൽ ബിജെപിയെ മാത്രമേ പിന്തുണച്ചിട്ടുമുള്ളൂ. അത്രയേയുള്ളൂ കാര്യം. ഞാൻ പോകുകയാണ്”-ഫേസ്ബുക്ക് കുറിപ്പിൽ സുപ്രിയോ പറഞ്ഞു.