കേരളത്തിന്‌ റെക്കോര്‍ഡ്; ഒറ്റ ദിവസത്തില്‍ 4.96 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി വീണാ ജോര്‍ജ്

single-img
30 July 2021

കേരളത്തില്‍ ഇന്ന് ഒറ്റ ദിവസത്തില്‍ 4,96,619 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം ഏറ്റവും അധികം പേര്‍ക്ക് പ്രതിദിനം വാക്‌സിന്‍ നല്‍കിയ ദിവസമായി ഇന്ന് മാറി.

നേരത്തെ കേരളം മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. സമാനമായി കൂടുതല്‍ വാക്‌സിന്‍ ലഭ്യമായാല്‍ ഇതുപോലെ ഉയര്‍ന്ന തോതില്‍ വാക്‌സിനേഷന്‍ നല്‍കാനാകുമെന്നും മന്ത്രി ഇന്ന് വ്യക്തമാക്കി. ഇതോടൊപ്പം തന്നെ സംസ്ഥാനത്തിന് 2.45 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായി. എറണാകുളത്ത് 2 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരത്ത് 45,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്.

സുഗമമായ വാക്‌സിനേഷന് എത്രയും വേഗം കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് കേന്ദ്രം ലഭ്യമാക്കേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്താകെ ഇന്ന് 1,753 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. ഇതില്‍ സര്‍ക്കാര്‍ തലത്തില്‍ 1,498 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 255 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്. 97,507 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് മുമ്പില്‍. തൃശൂര്‍ ജില്ലയില്‍ 51,982 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.