കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസിന്റെത്; സിപിഎമ്മിന് ആ പാരമ്പര്യമല്ല: എ വിജയരാഘവന്‍

single-img
30 July 2021

ഭരണഘടനാ വ്യവസ്ഥയും ഫെഡറൽ തത്വങ്ങളും ലംഘിച്ച് കേന്ദ്രത്തിൽ സഹകരണത്തിന് പ്രത്യേക മന്ത്രാലയം രൂപീകരിക്കാനുള്ള മോഡി സർക്കാരിന്റെ തീരുമാനം രാജ്യത്തെ സഹകരണ ബാങ്കുകളിലെയും സൊസൈറ്റികളിലെയും വലിയ നിക്ഷേപത്തിൽ കണ്ണുവച്ചാണെന്ന കാര്യത്തിൽ ബിജെപിക്ക് ഒഴികെ മറ്റാർക്കും തർക്കമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍.

സംസ്ഥാനത്തെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന വായ്പാത്തട്ടിപ്പിന്റെ കാര്യത്തില്‍ ശക്തമായ നടപടിയാണ് സംസ്ഥാന സര്‍ക്കാരും സിപിഐഎമ്മും സ്വീകരിച്ചതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് അന്വേഷണം നല്ലനിലയില്‍ മുമ്പോട്ടുപോകുകയാണ്. കുറ്റം ചെയ്ത എല്ലാവരെയും നിയമത്തിനു മുമ്പില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹകരണമേഖലയില്‍ യുഡിഎഫുകാര്‍ നടത്തിയ കൊള്ളയെക്കുറിച്ച് ഇവിടെ വിവരിക്കുന്നില്ല. തട്ടിപ്പുകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം എടുത്ത നിലപാട് കുറ്റവാളികളെ സംരക്ഷിക്കുന്നതായിരുന്നു. ആ പാരമ്പര്യമല്ല സിപിഐ എമ്മിനുള്ളതെന്നും വിജയരാഘവന്‍ എഴുതുന്നു.

പോസ്റ്റിറ്റിന്റെ പൂർണ്ണരൂപം:

ഭരണഘടനാ വ്യവസ്ഥയും ഫെഡറൽ തത്വങ്ങളും ലംഘിച്ച് കേന്ദ്രത്തിൽ സഹകരണത്തിന് പ്രത്യേക മന്ത്രാലയം രൂപീകരിക്കാനുള്ള മോഡി സർക്കാരിന്റെ തീരുമാനം രാജ്യത്തെ സഹകരണ ബാങ്കുകളിലെയും സൊസൈറ്റികളിലെയും വലിയ നിക്ഷേപത്തിൽ കണ്ണുവച്ചാണെന്ന കാര്യത്തിൽ ബിജെപിക്ക് ഒഴികെ മറ്റാർക്കും തർക്കമില്ല. ഈ മന്ത്രാലയം ആഭ്യന്തരമന്ത്രി അമിത് ഷായുടെ കീഴിൽ കൊണ്ടുവരുന്നതും ബിജെപി നേതൃത്വത്തിന്റെ ദുഷ്ടലാക്ക് വ്യക്തമാക്കുന്നതാണ്.

ഭരണഘടനാ വ്യവസ്ഥകൾ അട്ടിമറിക്കുന്നതിന് ഒരു മടിയുമില്ലാത്ത പാർടിയാണ് ബിജെപിയെന്ന് 2014ൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്നതുമുതലുള്ള അനുഭവത്തിൽനിന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ, രാജ്യത്തിന്റെ സഹകരണ പ്രസ്ഥാനത്തിനുമേൽ കരിനിഴൽ വീഴ്ത്തുന്നതാണ് കേന്ദ്രത്തിൽ മന്ത്രാലയം രൂപീകരിക്കാനുള്ള തീരുമാനം.

യുപിഎ സർക്കാർ 2012ൽ കൊണ്ടുവന്ന 97-ാം ഭരണഘടനാ ഭേദഗതിയുടെ ഒരു ഭാഗം റദ്ദാക്കി സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഈയിടെ പുറപ്പെടുവിച്ച വിധി, സംസ്ഥാന വിഷയമായ സഹകരണ സംഘങ്ങളുടെ കാര്യത്തിൽ കൈകടത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്ന് അസന്ദിഗ്‌ധമായി വ്യക്തമാക്കുന്നതാണ്. സംഘങ്ങളിലെ അംഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനെന്നു വാദിച്ചാണ് 97-ാം ഭേദഗതി മൻമോഹൻസിങ്‌ സർക്കാർ കൊണ്ടുവന്നത്. സംഘങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുന്നു, നീണ്ടകാലത്തേക്ക് ഭാരവാഹികളെ നാമനിർദേശം ചെയ്യുന്നു, മാനേജ്മെന്റിൽ പ്രൊഫഷണലിസത്തിന്റെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കാൻ കേന്ദ്രത്തിന് അധികാരം വേണമെന്നായിരുന്നു വാദം. അതിനുവേണ്ടി 9ബി എന്ന ഭാഗം കൂട്ടിച്ചേർത്തു.

സംസ്ഥാന പരിധിയിൽ വരുന്ന സംഘങ്ങളുടെ കാര്യത്തിൽ നിയമമുണ്ടാക്കാൻ കേന്ദ്രത്തിന് അധികാരമില്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്. സംസ്ഥാനാന്തര പരിധിയുള്ള സംഘങ്ങളുടെ കാര്യത്തിലേ ഇടപെടാനാകൂ. ഭരണഘടനയുടെ 246–-ാം അനുച്ഛേദം കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ള വിഷയങ്ങളും സംസ്ഥാന വിഷയങ്ങളും വേർതിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന ലിസ്റ്റിൽ 32-ാം ഇനമായി വരുന്നതാണ് സഹകരണ സംഘങ്ങൾ. സംസ്ഥാന അധികാരത്തിൽ ഇടപെടാനാണ് യുപിഎ സർക്കാർ ശ്രമിച്ചത്. ഇപ്പോൾ വളഞ്ഞവഴിയിലൂടെ മോഡി സർക്കാർ ശ്രമിക്കുന്നതും അതിനുതന്നെ.

പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപം ബിജെപിയുടെ സ്വന്തക്കാരായ വൻകിടക്കാർ ചോർത്തിക്കൊണ്ടിരിക്കയാണ്. മൊത്തം വായ്പയുടെ 60 ശതമാനവും വൻകിടക്കാരാണ് കൈക്കലാക്കുന്നത്. ഇതിൽ 85 ശതമാനവും കിട്ടാക്കടമായി മാറുന്നു. ബാങ്കിന്റെ ഭാഷയിൽ നിഷ്‌ക്രിയ ആസ്തി. ഈ വായ്പകൾ പിന്നീട് എഴുതിത്തള്ളുന്നു. ഈ പശ്ചാത്തലത്തിൽനിന്നുവേണം കേന്ദ്രത്തിന്റെ സമീപനങ്ങളെ കാണാൻ. സഹകരണമേഖലയെ വരുതിയിലാക്കാനുള്ള കേന്ദ്രശ്രമത്തെ സഹായിക്കുന്ന രീതിയിലാണ് കേരളത്തിലെ പ്രതിപക്ഷവും മുഖ്യധാരാമാധ്യമങ്ങളും നീങ്ങുന്നത്. കേന്ദ്രത്തിനുനേരെ കണ്ണടയ്‌ക്കുന്ന ഇവർ, കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാനുള്ള ഗൂഢാലോചനയിലാണ് ഏർപ്പെട്ടിരിക്കുന്നത്.

തൃശൂർ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിലെ പണംതിരിമറി ഒറ്റപ്പെട്ട സംഭവമാണെന്ന് നമുക്കറിയാം. അതിനെ പർവതീകരിച്ചും പൊതുവൽക്കരിച്ചും സഹകരണ പ്രസ്ഥാനത്തിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസം തകർക്കാനാണ് ഇവർ ശ്രമിക്കുന്നത്. കേരളത്തിന്റെ സാമ്പത്തിക-സാമൂഹ്യ വികസനത്തിൽ സഹകരണമേഖല വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണ്. ദുർബലവിഭാഗങ്ങൾക്ക് ഉപജീവനമാർഗം കണ്ടെത്തുന്നതിന് വലിയ പിന്തുണയാണ് സംഘങ്ങൾ നൽകുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ സ്പർശമേൽക്കാത്ത മേഖല കുറവാണ്. വാണിജ്യബാങ്കുകളുടെ വെല്ലുവിളി നേരിട്ട്‌ നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ സഹകരണസംഘങ്ങൾ പ്രത്യേക ഇടം നേടിയിട്ടുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വികസനത്തിന് സഹകരണമേഖല വഹിക്കുന്ന പങ്ക് അന്തർദേശീയമായിത്തന്നെ അംഗീകരിക്കപ്പെട്ടതാണ്.

വർധിക്കുന്ന സാമ്പത്തിക അസമത്വത്തിന്റെ പശ്ചാത്തലത്തിൽ സഹകരണ സംഘങ്ങൾ പ്രായോഗിക ബദലാണെന്നാണ് ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര തൊഴിൽ സംഘടനയും വിവക്ഷിക്കുന്നത്. ഇത്‌ അന്വർഥമാക്കിയ സംസ്ഥാനമാണ് കേരളം. കേരള ദിനേശ് ബീഡിപോലുള്ള സഹകരണ സ്ഥാപനങ്ങൾ സാമൂഹ്യ ജീവിതത്തിലുണ്ടാക്കിയ മാറ്റം വലുതാണ്. ബീഡിവ്യവസായം തകർച്ച നേരിട്ടപ്പോൾ വൈവിധ്യവൽക്കരണത്തിലൂടെ മുന്നോട്ടുപോകുകയാണ് ദിനേശ് ബീഡി. സാമൂഹ്യ പരിഷ്കർത്താവ് വാഗ്ഭടാനന്ദഗുരു സ്ഥാപിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി (യുഎൽസിസി) കേരളത്തിന്റെ അഭിമാനമാണ്. ഇതുപോലെ നിരവധി സ്ഥാപനം. ഗ്രാമീണമേഖലയിൽ എല്ലായിടത്തും സഹകരണമേഖലയുടെ സാന്നിധ്യമുണ്ട്. ജനങ്ങൾ അർപ്പിച്ച വിശ്വാസവും സർക്കാരിന്റെ പിന്തുണയുമാണ് സഹകരണ പ്രസ്ഥാനത്തിന്റെ ശക്തി. ഈ ജനവിശ്വാസത്തിന് പോറലേൽപ്പിക്കാനുള്ള ശ്രമമാണ് മാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫ് നടത്തുന്നത്.

2020ലെ കണക്കനുസരിച്ച് 15,892 സഹകരണ സംഘമാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 12,052 സംഘവും നല്ല നിലയിൽ പ്രവർത്തിക്കുന്നുവെന്നാണ് ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകനം വ്യക്തമാക്കുന്നത്. സഹകരണമേഖലയെ സംരക്ഷിക്കുന്നതിനും കാലാനുസൃതമായ മാറ്റങ്ങളോടെ അഭിവൃദ്ധിപ്പെടുത്തുന്നതിനും പിണറായി വിജയൻ സർക്കാർ 2016 മുതൽ എടുക്കുന്ന നടപടി ദേശീയതലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 2016ൽ നോട്ട് നിരോധനത്തെതുടർന്ന് കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാൻ ആസൂത്രിതമായ ശ്രമമാണ് കേന്ദ്ര സഹായത്തോടെ ബിജെപി നടത്തിയത്. പ്രവർത്തിക്കാൻ അനുവദിക്കാതെ സഹകരണ ബാങ്കുകളെ ഞെരിച്ചുകൊല്ലാൻ നോക്കി. പിണറായി വിജയൻ സർക്കാരിന്റെ ധീരമായ നിലപാടും ഇടപെടലുമാണ് ഈ ആക്രമണത്തിൽനിന്ന് സഹകരണ ബാങ്കുകളെ രക്ഷിച്ചത്.

കാർഷിക വികസനത്തിൽ ഫലപ്രദമായി ഇടപെടുന്നതിനും സാമ്പത്തിക വികസനത്തിൽ വലിയ പങ്ക് വഹിക്കാൻ സഹകരണമേഖലയെ പ്രാപ്തമാക്കുന്നതിനുമാണ് കേരള ബാങ്ക് രൂപീകരിച്ചത്. കേരള ബാങ്ക് രൂപീകരണം തടയാനും നിരന്തര ശ്രമം യുഡിഎഫ് നടത്തി. അതിനെയെല്ലാം അതിജീവിച്ചാണ് കേരള ബാങ്ക് യാഥാർഥ്യമായത്. ഉപഭോക്തൃരംഗത്തും ശ്ലാഘനീയമായ പങ്കാണ് സഹകരണ സംഘങ്ങൾ വഹിക്കുന്നത്. വിപണിചൂഷണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് സഹകരണമേഖല നല്ല രീതിയിൽ ഇടപെടുന്നു. 3807 ഉപഭോക്തൃ സംഘമാണ് നമുക്കുള്ളത്. ഈ സംഘങ്ങൾക്ക് ഉൽപ്പന്നങ്ങൾ മൊത്തമായി സംഭരിച്ച് എത്തിക്കുന്ന ചുമതല നിർവഹിക്കുന്നതിന് അപ്പക്സ് സംഘമായി സംസ്ഥാന സഹകരണ കൺസ്യൂമർ ഫെഡറേഷൻ (കൺസ്യൂമർ ഫെഡ്) പ്രവർത്തിക്കുന്നു. പ്രളയ പുനർനിർമാണത്തിൽ സഹകരണമേഖല വഹിച്ച പങ്ക് രാജ്യത്തിനാകെ മാതൃകയായി. ‘കെയർ ഹോം’ പദ്ധതിയിലൂടെ രണ്ടായിരത്തിലധികം വീടാണ് ആദ്യഘട്ടത്തിൽ നിർമിച്ചത്.

ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ‘സുഭിക്ഷ കേരളം’ പദ്ധതി നടപ്പാക്കുന്നതിലും പ്രധാനപങ്ക് വഹിക്കുന്നത് സഹകരണമേഖലയാണ്. പ്രാഥമിക സംഘങ്ങൾവഴിയാണ് വായ്പ നൽകുന്നത്. ഈ രീതിയിൽ സംസ്ഥാനത്തിന്റെ വികസനത്തിലും താഴെത്തട്ടിലുള്ള ജനങ്ങൾക്ക് ജീവനോപാധി കണ്ടെത്തുന്നതിലും നൽകുന്ന പിന്തുണ വലുതാണ്. ഈ ജനകീയ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തുമെന്നേ പറയാനുള്ളൂ.

കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന വായ്പാത്തട്ടിപ്പിന്റെ കാര്യത്തിൽ ശക്തമായ നടപടിയാണ് സംസ്ഥാന സർക്കാരും സിപിഐ എമ്മും സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം നല്ലനിലയിൽ മുമ്പോട്ടുപോകുകയാണ്. കുറ്റം ചെയ്ത എല്ലാവരെയും നിയമത്തിനു മുമ്പിൽ എത്തിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം, ഒരാൾക്കും നിക്ഷേപം നഷ്ടപ്പെടില്ലെന്നും ഉറപ്പുനൽകി. മാത്രമല്ല, തട്ടിപ്പുകാരിൽനിന്ന് പണം തിരിച്ചുപിടിക്കാനുള്ള നടപടിയും സ്വീകരിച്ചുവരികയാണ്. സഹകരണമേഖലയിൽ ഇത്തരം പുഴുക്കുത്തുകൾ വരാതിരിക്കാനുള്ള ശക്തമായ നടപടി ഉണ്ടാകുമെന്ന് സഹകരണമന്ത്രിയും വ്യക്തമാക്കി. ഓഡിറ്റിങ് സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടി ആരംഭിച്ചു. കരുവന്നൂർ ബാങ്കിലെ ഭരണസമിതിയിലും ജീവനക്കാരിലുമുള്ള സിപിഐ എം അംഗങ്ങൾക്കെതിരെ ശക്തമായ നടപടിയാണ് പാർടി സ്വീകരിച്ചത്.

തെറ്റ്‌ ചെയ്ത ആരെയും സംരക്ഷിക്കില്ല. തട്ടിപ്പ് നടത്തിയവർക്കും അതിന് സഹായിച്ചവർക്കും എതിരെ മാത്രമല്ല പാർടി നടപടി എടുത്തത്. ഇത്തരം കാര്യങ്ങൾ തടയുന്നതിന് വേണ്ടത്ര ജാഗ്രത പുലർത്താത്തവർക്ക് എതിരെയും നടപടി എടുത്തു. ഈ വസ്തുതകളെല്ലാം മറച്ചുവച്ചാണ് സിപിഐ എമ്മിനെതിരെ മാധ്യമ പ്രചാരണം നടത്തുന്നത്. സഹകരണമേഖലയിൽ യുഡിഎഫുകാർ നടത്തിയ കൊള്ളയെക്കുറിച്ച് ഇവിടെ വിവരിക്കുന്നില്ല. തട്ടിപ്പുകൾ പുറത്തുവന്നപ്പോൾ കോൺഗ്രസ് നേതൃത്വം എടുത്ത നിലപാട് കുറ്റവാളികളെ സംരക്ഷിക്കുന്നതായിരുന്നു. ആ പാരമ്പര്യമല്ല സിപിഐ എമ്മിനുള്ളതെന്ന് വ്യക്തമാക്കട്ടെ.

സഹകരണമേഖലയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് എല്ലാ പരിശ്രമവും സിപിഐ എം നടത്തും. ഈ ദിശയിൽ സർക്കാർ എടുക്കുന്ന നടപടിക്ക് പാർടി പൂർണ പിന്തുണ നൽകും. സഹകരണ പ്രസ്ഥാനത്തെയും പാർടിയെയും അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമത്തെ ജനങ്ങളുടെ പിന്തുണയോടെ പരാജയപ്പെടുത്തും.