ഇന്ത്യയില്‍ കോവിഡ് പ്രതിരോധം ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നത് കേരളത്തില്‍: വൈറോളജിസ്റ്റ് ഗഗന്‍ദീപ് കാങ്

single-img
29 July 2021

രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് പ്രതിരോധം ഏറ്റവും മികച്ച രീതിയില്‍ നടക്കുന്നത് കേരളത്തിലെന്ന് ലോക പ്രശസ്ത വൈറോളജിസ്റ്റ് പ്രൊഫസര്‍ ഗഗന്‍ദീപ് കാങ്.

കോവിഡ് വ്യാപനവുമായി വിഷയത്തില്‍ കേരളത്തെ കുറിച്ച് കൂടുതല്‍ ഉത്കണ്ഠപ്പെടേണ്ടതില്ലെന്നും മറ്റ് സംസ്ഥാനങ്ങങ്ങള്‍ക്ക് കേരളം ഒരു മാതൃകയാണെന്നും ഗഗന്‍ദീപ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ദി വയറില്‍ നല്‍കിയ അഭിമുഖത്തില്‍ കരണ്‍ ഥാപ്പറിനോട് സംസാരിക്കവേ അഭിപ്രായപ്പെട്ടു.

രാജ്യത്ത് നിലവില്‍ എത്രപേരിൽ കോവിഡ് വന്നിട്ടുണ്ടാകും എന്ന് കണക്കാക്കുന്ന ദേശീയ സീറോ സർവേയുടെ ഫലത്തിൽ ഏറ്റവും കുറവ് കേരളത്തിലാണ് ഇപ്പോള്‍ പോലും രേഖപ്പെടുത്തിയിരിക്കുന്നത് (44 ശതമാനം).
എന്നാല്‍ നമ്മുടെ ദേശീയ ശരാശരി 67.6 ശതമാനമാണ്.

ഇക്കാര്യത്തില്‍ മധ്യപ്രദേശിലാണ് (75.9 ശതമാനം) ഏറ്റവും കൂടുതൽ ഉള്ളത്. കോവിഡ് വൈറസ് ബാധയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചത് കൊണ്ടാണ് സീറോ സർവ്വേ ഫലത്തിൽ കേരളത്തിന്റെ ശതമാനം കുറഞ്ഞിരിക്കുന്നതെന്ന് ഗഗൻദീപ് കാങ്ങ്അഭിപ്രായപ്പെടുന്നു.

ദിനംപ്രതി ശരാശരി ഒരു ലക്ഷത്തി നാൽപ്പതിനായിരം ടെസ്റ്റുകളാണ് കേരളത്തിൽ നടത്തുന്നത്. എന്നാല്‍ കേരളത്തെക്കാൾ മൂന്നിരട്ടി ജനസംഖ്യയുള്ള പശ്ചിമ ബംഗാളിൽ ദിവസവും 50,000 ടെസ്റ്റുകൾ മാത്രമാണ് നടക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ പോസിറ്റീവ് നിരക്ക് കൂടുതലുള്ള ഭാഗങ്ങളിലാണ് കേരളം കൂടുതൽ ടെസ്റ്റുകൾ നടത്തുന്നത്. ഇവിടങ്ങളില്‍ കൂടുതൽ ടെസ്റ്റുകൾ നടത്തുക മാത്രമല്ല മികച്ച രീതിയിൽ അത് നടത്തുന്നത് കൊണ്ടാണ് കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്നത്‌.- അവര്‍ പറഞ്ഞു.

മറ്റൊരു കാര്യം ദേശീയ ശരാശരിയേക്കാൾ വാക്സിൻ എടുത്തവരുടെ നിരക്കിലും കേരളം മുൻപിലാണ്. ഇപ്പോള്‍ തന്നെ ഒരു ഡോസെങ്കിലും വാക്സിൻ കിട്ടിയവരിൽ ദേശീയ ശരാശരി 25% ആണെങ്കിൽ കേരളത്തിൽ 38 ശതമാനമാണ്.