നിയമസഭാ കയ്യാങ്കളി: കേസുണ്ടായത് കട്ടതിനോ കവർന്നതിനോ അല്ല, യുഡിഎഫിൻ്റെ കവർച്ചയെ എതിർത്തതിനാല്‍: കെടി ജലീല്‍

single-img
28 July 2021

സംസ്ഥാന സർക്കാരിന് തിരിച്ചടിയായി നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വന്ന പിന്നാലെ യുഡിഎഫ് ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി കെടി ജലീൽ. തങ്ങൾ ഒന്നും കട്ടതിനോ കവർന്നതിനോ അല്ല യുഡിഎഫിൻ്റെ കവർച്ചയെ എതിർത്തതിനാണ് കേസ് ഉണ്ടായതെന്ന് ജലീൽ പറഞ്ഞു.

മുൻ യുഡിഎഫ് സർക്കാരിൻ്റെ അഴിമതിക്കെതിരെ പ്രതിപക്ഷം നടത്തിയ സമരത്തിൽ നിയമസഭയുടെ ഉള്ളിൽ വെച്ച് പ്രക്ഷുബ്ധമായ ചില രംഗങ്ങൾ അരങ്ങേറി. ഈ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രിംകോടതി പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് അന്നത്തെ നിയമസഭാ സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് എടുത്ത കേസിലെ പ്രതികൾ വിചാരണ നേരിടണമെന്ന് വിധി പ്രസ്താവിച്ചിരിക്കുയാണ്. തങ്ങൾ വിധിയെ സ്വാഗതം ചെയ്യുന്നതായും വിചാരണ നടക്കട്ടെ. പറയാനുള്ളത് ബന്ധപ്പെട്ട കോടതിയെ ബോധിപ്പിക്കുമെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.

അതേസമയം കേസിലെ സുപ്രീം കോടതി വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ മന്ത്രി വി ശിവൻ കുട്ടിക്കെതിരെ ഇതിൽ നടപടിയെന്നും വന്നിട്ടില്ലെന്നും കേസ് ഇനിയാണ് വിചാരണയിലേക്ക് നീങ്ങുന്നതെന്നും എ വിജയരാഘവൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.