ആക്ഷേപങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാം; ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരായ ഹർജി തീർപ്പാക്കി ഹൈക്കോടതി

single-img
28 July 2021

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രെറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കാന്‍ ശ്രമിച്ച കരട് നിയമങ്ങൾ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി.ജനങ്ങള്‍ക്കും ഹര്‍ജിക്കാര്‍ക്കും കരടിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ലക്ഷദ്വീപ് ഭരണകൂടം മുഖേന ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ പൊതുതാത്പര്യ ഹർജിയിലെ
കരട് നിയമങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നതുൾപ്പെടെയുള്ള മറ്റാവശ്യങ്ങൾ കോടതി തള്ളികളഞ്ഞു. ഈ വിധിക്ക് സമാനമായി ജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാമെന്ന് ലക്ഷദ്വീപ് ഭരണകൂടം നേരത്തെ തന്നെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ലക്ഷദ്വീപിലെ ജനതയുടെ അഭിപ്രായങ്ങളോ നിർദേശങ്ങളോ പരിഗണിക്കാതെയും നടപടി ക്രമങ്ങൾ പാലിക്കാതെയുമാണ് കരട് നിയമങ്ങൾ ആവിഷ്‌കരിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം.