ഹയര്‍സെക്കന്‍ററി പരീക്ഷയില്‍ മികച്ച വിജയം സ്വന്തമാക്കി ചടയമംഗലത്തെ ഗൗരിനന്ദ

single-img
28 July 2021

സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ചടയമംഗലത്ത് ബാങ്കില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് പിഴയിട്ട പൊലീസ് നടപടി ചോദ്യം ചെയ്ത ഗൗരിനന്ദയ്ക്ക് പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ഗൗരിനന്ദ.

ഇന്ന് റിസള്‍ട്ട് വന്നപ്പോള്‍ പ്ലസ്ടു കോമേഴ്സില്‍ ഒരു എപ്ലസ് അടക്കം 747 മാര്‍ക്കാണ് ഗൗരിനന്ദ സ്വന്തമാക്കിയത് . ഇനി തനിക്ക് സിഎയ്ക്ക് പോകാനാണ് താല്‍പ്പര്യമെന്ന് ഗൗരിനന്ദ പറയുന്നു. കഴിഞ്ഞ ദിവസം ബാങ്കില്‍ ക്യൂനിന്നവര്‍ക്ക് പിഴ നല്‍കിയ പൊലീസിനെ ചോദ്യം ചെയ്ത ചടയമംഗലം സ്വദേശി പതിനെട്ടുകാരി ഗൗരിനന്ദയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സംഭവത്തില്‍ ഗൗരിനന്ദയ്ക്കെതിരെ ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുക്കുകയുമുണ്ടായി. അതിന് ശേഷം തന്നെ നേരില്‍ വിളിച്ച വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തന്‍റെ പേരിലുള്ള ജാമ്യമില്ല വകുപ്പ് റദ്ദാക്കിയതായി അറിയിച്ചിരുന്നുവെന്ന് ഗൗരി വ്യക്തമാക്കി.