കേരളത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല

single-img
27 July 2021

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ലെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം കൂടുകയും ടിപിആര്‍ കുറയാത്തതുമാണ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തേണ്ടെന്ന് തീരുമാനമെടുത്തത്.അതേസമയം തുണിക്കടകള്‍ നിയന്ത്രണത്തോടെ തുറക്കുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു .

വാക്സിന്‍ സ്വീകരിക്കാന്‍ കൊവിഡ് പരിശോധന വേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്നുനടന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങളുണ്ടായത്.നിലവില്‍ സംസ്ഥാനത്ത് ഓണത്തിനുമുമ്പ് വാക്സിനേഷന്‍ ഊര്‍ജിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനായി കേന്ദ്രത്തിനാേട് കൂടുതല്‍ വാക്സിന്‍ ആവശ്യപ്പെടും. നാളെ സംസ്ഥാനത്തിന് ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന്‍ രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും.

ഇനിയുള്ള ദിവസങ്ങളില്‍ ആവശ്യത്തിന് വാക്സിന്‍ ലഭ്യമായാല്‍ പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തുണിക്കടകളില്‍ പ്രേട്ടോകോള്‍ ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നീറ്റ് പരീക്ഷക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഫോട്ടോ ആവശ്യമായതിനാല്‍ ഓരോ ആഴ്ചയും നിശ്ചിത ദിവസങ്ങളില്‍ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.