മുഹമ്മദ് റിയാസിനായി പിആര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തം; അടുത്ത തവണ സിപിഎം മുന്നോട്ട് വെക്കുക ഒരു യുവ മുസ്ലീം മുഖ്യമന്ത്രിയെ നാടിന് ആവശ്യമുണ്ടെന്നായിരിക്കും: കെ സുരേന്ദ്രൻ

single-img
27 July 2021

കേരളത്തില്‍ അടുത്ത തവണ സിപിഎം മുന്നോട്ടുവെക്കുന്ന മുഖ്യമന്ത്രി പിഎ മുഹമ്മദ് റിയാസ് ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പിണറായി വിജയന്‍ നടത്തി കൊണ്ടിരിക്കുകയാണെന്നും ഇപ്പോഴത്തെ മന്ത്രിസഭയില്‍ ഒരേയൊരു ആള്‍ക്ക് വേണ്ടിയാണ് പിആര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നത് അത് മുഹമ്മദ്‌ റിയാസ് ആണെന്നും സുരേന്ദ്രന്‍ പറയുന്നു.

ഇപ്പോള്‍ പല സ്ഥലങ്ങളിലും റോഡ് കുഴി നന്നാക്കാന്‍ അദ്ദേഹം പോകുന്നുണ്ട്. എന്നാല്‍ ഒന്നും ഇതുവരെ നന്നായിട്ടില്ല. പക്ഷെ വളരെ ചടുലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് റിയാസ് എന്ന് വരുത്താനുള്ള വലിയൊരു പ്ലാന്‍ നടക്കുന്നുണ്ട്. ഇത് ഭാവിയെ മുന്‍നിര്‍ത്തിയുള്ള നീക്കമാണ്. വളരെ ആസൂത്രിതമായ പ്ലാനാണിത്. അടുത്ത തവണ സിപിഎം മുന്നോട്ട് വയ്ക്കാന്‍ പോകുന്നത് ഒരു യുവ മുസ്ലീം മുഖ്യമന്ത്രിയെ നാടിന് ആവശ്യമുണ്ടെന്നായിരിക്കും.- സുരേന്ദ്രന്‍ പറയുന്നു.

തുടര്‍ച്ചയായി പത്തു വര്‍ഷം അധികാരത്തില്‍ നിന്ന മാറിനില്‍ക്കുന്നതില്‍ കോണ്‍ഗ്രസുകാര്‍ തന്നെ അസംതൃപ്തരാണ്. അതിനു പുറമേ മുസ്ലീം ലീഗിനെ പോലെയൊരു കച്ചവട പാര്‍ട്ടിക്ക് ഇനി യുഡിഎഫിനുള്ളില്‍ ഒരു ആശയം പറഞ്ഞുകൊണ്ടെന്നും നില്‍ക്കാന്‍ സാധിക്കില്ലെന്നും സുരേന്ദ്രന്‍ വിലയിരുത്തുന്നു.

പ്രവര്‍ത്തകര്‍ ലീഗില്‍ നിന്ന് കൊഴിഞ്ഞുപോകുകയും ഇതോടൊപ്പം അടുത്ത അഞ്ചുവര്‍ഷത്തില്‍ ഹിന്ദു, ദളിത് വോട്ട് ബാങ്കുകളില്‍ വിള്ളല്‍ സംഭവിക്കുമെന്നും സിപിഎമ്മിനറിയാം. കേരളത്തില്‍ നിലവില്‍ ലീഗ് ശക്തമല്ലാത്ത സ്ഥലങ്ങളില്‍ മുസ്ലീം വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിക്കുകയും ലീഗ് മത്സരിക്കാത്ത സ്ഥലങ്ങളിലെ വോട്ടും എല്‍ഡിഎഫിന് കിട്ടുകയും ചെയ്തിട്ടുണ്ട്. തികച്ചും മതപരമായ കണക്കുകള്‍ നോക്കിയാണ് മണ്ഡലങ്ങള്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടിയൊന്നുമില്ല. എല്ലാം പിണറായി വിജയനും അടുത്ത അനുയായികളുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഉദേശം യുവ സിപിഐഎം മുസ്ലീം മുഖ്യമന്ത്രിയാണ്.- സുരേന്ദ്രന്‍ പറയുന്നു.