കിറ്റക്സ് കമ്പനിയിൽ പരിശോധന നടത്തി ഭൂഗർഭ ജല അതോറിറ്റി

single-img
27 July 2021

എറണാകുളത്തിലെ കിറ്റക്സ് കമ്പനിയിൽ വീണ്ടും പരിശോധന നടന്നു . ജില്ലാ വികസന സമിതിയിൽ പി ടി തോമസ് എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗർഭ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കമ്പനിയില്‍ പരിശോധന നടത്തിയത്.

ഇന്ന് രാവിലെ പത്തുമണിയോടെ തുടങ്ങിയ പരിശോധന ഉച്ചവരെ നീണ്ടുനിന്നു. പിന്നാലെ കിറ്റക്സ് കമ്പനിയിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ തേടുകയും രേഖകളും പരിശോധിച്ച ശേഷമാണ് സംഘം മടങ്ങിയത്. കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനി അമിതമായി ജലം ഊറ്റുന്നുവെന്ന് പി ടി തോമസ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, സംസ്ഥാന സർക്കാരും മന്ത്രിമാരും എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയാലും അതൊന്നും നടപ്പാകില്ല എന്നതിന്റെ അവസാന ഉദാഹരണമാണ് ഭൂഗർഭ ജല അതോറിട്ടിയുടെ പരിശോധന എന്ന് കിറ്റക്സ് എം ഡി സാബു എം ജേക്കബ് പ്രതികരിച്ചു.

പിടി തോമസ്‌ എം എല്‍ എയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കിറ്റക്സ് കമ്പനിയിലെ ജല ഉപയോഗത്തെക്കുറിച്ച് വിവരങ്ങൾ നൽകണമെന്ന് ഭൂഗർഭ ജലഅതോറിറ്റി വിവരങ്ങൾ തേടിയിരുന്നു.പക്ഷെ ഇവ കിറ്റക്സ് കമ്പനി നൽകിയിരുന്നില്ല. ഇതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ തേടിയത്.

കമ്പനിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം എടുക്കുന്നതിന് കിറ്റക്സ് കമ്പനി ഭൂഗർഭ ജല അതോറിറ്റിയിൽ നിന്ന് എൻ ഒ സി വാങ്ങിയിരുന്നില്ല. അതിനാല്‍ എൻ ഒ സി എടുക്കണമെന്ന് കിറ്റക്സ് കമ്പനിയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.