യെദ്യൂരപ്പയുടെ വിശ്വസ്തന്‍ ബസവരാജ ബൊമ്മൈ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാകും

single-img
27 July 2021

ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തനുമായ ബസവരാജ ബൊമ്മൈ കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയാവും. ബിജെപിയുടെ കേന്ദ്രസംഘത്തിന്റെ നിരീക്ഷകരായ ധര്‍മ്മേന്ദ്ര പ്രധാന്‍, കിഷന്‍ റെഡ്ഢി എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്.

സംസ്ഥാനത്തെ നിലവിലെ ആഭ്യന്തരമന്ത്രികൂടിയായ ബസവരാജ് ബൊമ്മയെ തെരഞ്ഞെടുത്തത്കര്‍ണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെ നേതൃത്വത്തിലായിരുന്നു. കർണാടകാ ബിജെപിയുടെ ഉള്ളിൽ തന്നെയുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് യെദിയൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നത്.

അദ്ദേഹത്തിന് പകരം വരുന്നയാള്‍ പൊതുസമ്മതനാവണമെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുണ്ടായിരുന്നത്. അതേസമയം ലിംഗായത്ത് സമുദായവുമായി അടുത്ത ബന്ധമുള്ള ആളാവണമെന്ന് നേരത്തെ തീരുമാനമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായികൂടിയാണ് ബൊമ്മൈക്ക് നറുക്ക് വീണത്.