അധികാരത്തില്‍ നിന്ന് ബിജെപി പോകാതെ കര്‍ണാടകയിലെ സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകില്ല: സിദ്ധരാമയ്യ

single-img
26 July 2021

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ച പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. കര്‍ണാടക സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദിയൂരപ്പയെന്നും അദ്ദേഹം രാജിവെച്ചതിനാല്‍ സംസ്ഥാനത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ നഷ്ടമോ ഉണ്ടെന്ന് കരുതുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

അഴിമതിക്കാരനായ യെദിയൂരപ്പയ്ക്ക് പകരം അഴിതിക്കാരനായ മറ്റൊരാള്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരും. കാരണം ബിജെപി ഒരു അഴിമതി പാര്‍ട്ടിയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദിയൂരപ്പ രാജിവെക്കുന്നതോ പുറത്ത് പോകുന്നതോ അല്ല പ്രശ്നമെന്നും സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ നിന്ന് പോകാതെ കര്‍ണാടകയിലെ സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നത് പ്രതിപക്ഷമായ കോണ്‍ഗ്രസ് നിരന്തരം സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു.