രമ്യ ഹരിദാസ്, വി ടി ബല്‍റാം ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കൊവിഡ് മാനദണ്ഡം ലംഘിച്ചതായി ആരോപണം; ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്

single-img
25 July 2021

സംസ്ഥാനത്തെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എം പി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. പാലക്കാടെ ഒരു ഹോട്ടലിലാണ് രമ്യ ഹരിദാസ്, വി ടി ബല്‍റാം, റിയാസ് മുക്കോളി എന്നിവര്‍ എത്തിയത്. ഇവര്‍ ഈ ഹോട്ടലില്‍ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തങ്ങള്‍ ഹോട്ടലില്‍ കയറിയത് പാഴ്സലിന് വേണ്ടിയെന്നാണ് നേതാക്കള്‍ നല്‍കുന്ന വിശദീകരണം.

സംസ്ഥാനത്ത് നിലവില്‍ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയില്ല. ഈ നിയമമാണ് എം പി അടക്കമുള്ളവര്‍ ലംഘിച്ചതായി ആരോപിക്കപ്പെടുന്നത് . രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മേശയ്ക്ക് ചുറ്റും ഇരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

സുല്‍ത്താന്‍ പേട്ട് സ്വദേശിയായ ഒരാളാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് വിവരം. താങ്കള്‍ ഒരു എംപിയല്ലേയെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കില്ലേയെന്നും വിഡിയോ പകര്‍ത്തിയ ആള്‍ ചോദിക്കുന്നുണ്ട്. ഇതിന് പാഴ്സല്‍ വാങ്ങാനെത്തിയതാണെന്നായിരുന്നു രമ്യ ഹരിദാസിന്റെ മറുപടി.

എന്നാല്‍ പാഴ്സല്‍ വാങ്ങാന്‍ പോകുന്ന താന്‍ അടക്കമുള്ള സാധാരണക്കാരെ ഹോട്ടലുകളില്‍ പുറത്താണ് നിര്‍ത്തുന്നതെന്നും എന്തുകൊണ്ടാണ് ഇവര്‍ക്ക് ഈ ഇളവ് നല്‍കിയതെന്നും യുവാവ് ചോദിക്കുന്നുണ്ട്. അവസാനംകയ്യാങ്കളിയിലാണ് ഇത് അവസാനിക്കുന്നത്.