ഹോട്ടലില്‍ വീഡിയോ ചിത്രീകരിച്ചയാളെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത് തന്റെ കൈയ്യില്‍ കയറി പിടിച്ചതിനാല്‍; നിയമനടപടി സ്വീകരിക്കുമെന്ന് രമ്യാ ഹരിദാസ്

single-img
25 July 2021

പാലക്കാട് ലോക്ഡൗണ്‍ മാനദണ്ഡ ലംഘനം നടത്തി രമ്യ ഹരിദാസ്, വി ടി ബല്‍റാം, റിയാസ് മുക്കോളി എന്നിവര്‍ ഹോട്ടലില്‍ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ പ്രതികരണവുമായി എം പി രമ്യാ ഹരിദാസ്. തങ്ങള്‍ ഇവിടെ ഭക്ഷണം പാഴ്‌സല്‍ വാങ്ങാനെത്തിയതായിരുന്നുവെന്നുംആ സമയം തന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് വീഡിയോ ചിത്രീകരിച്ച ആളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തതെന്നും രമ്യ പറയുന്നു.

”ഞങ്ങള്‍ പാഴ്‌സല്‍ വാങ്ങാനെത്തിയതായിരുന്നു. അപ്പോള്‍ എന്റെ കൈയ്യില്‍ കയറി പിടിച്ചതിനാലാണ് പ്രവര്‍ത്തകര്‍ അത്തരത്തില്‍ പെരുമാറിയത്. ഈ വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പോലീസില്‍ പരാതി നല്‍കും” രമ്യ ഹരിദാസ് പറഞ്ഞു.

സംസ്ഥാനത്തെ ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പാലക്കാട്ടെ സ്വകാര്യ ഹോട്ടലിനുള്ളിൽ നേതാക്കൾ ഭക്ഷണം കഴിക്കാനിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പുറത്ത് വന്നിരുന്നു. നേതാക്കളുടെ നടപടിയെ ചോദ്യ ചെയ്ത യുവാക്കളെ രമ്യ ഹരിദാസിനൊപ്പമുള്ള കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ഇതിലെ ദൃശ്യങ്ങളിൽ കാണാം.

ഇന്ന് പകലാണ് സംഭവം നടക്കുന്നത്. സുല്‍ത്താന്‍ പേട്ട് സ്വദേശിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. താങ്കള്‍ ഒരു എംപിയല്ലേയെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കില്ലേയെന്നും വിഡിയോ പകര്‍ത്തിയ ആള്‍ ഇതിനിടയില്‍ ചോദിക്കുന്നുമുണ്ട്. അപ്പോള്‍ താൻ ബിരിയാണി പാർസൽ ഓർഡർ ചെയ്ത് കാത്തിരിക്കുകയാണെന്ന് രമ്യ ഹരിദാസ് മറുപടി നൽകിയിരുന്നു.

എന്നാല്‍, പാഴ്സല്‍ വാങ്ങാൻ വരുന്നവർ പുറത്താണ് നിൽക്കേണ്ടത്, ഞങ്ങൾ സാധാരണക്കാർ പുറത്താണ് നിൽക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരികെ ചോദിച്ചതോടെ രമ്യ പുറത്തേക്ക് പോവുകയായിരുന്നു. ഈ സമയം രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മർദിക്കുകയായിരുന്നു. ഇതിനിടയില്‍ വീഡിയോ ചിത്രീകരിച്ച ഫോൺ ഇയാളില്‍നിന്നും പിടിച്ചുവാങ്ങാനും ശ്രമിച്ചു. നിലവില്‍ പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.