സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങള്‍ ദേശീയഗാനം ആലപിക്കണം; അഭ്യര്‍ത്ഥനയുമായി പ്രധാനമന്ത്രി

single-img
25 July 2021

അടുത്ത മാസം ആഘോഷിക്കുന്ന രാജ്യത്തിന്റെ 75ആം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ജനങ്ങളോട് ദേശീയഗാനം ആലപിക്കാന്‍ അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്നേ ദിവസം പരമാവധി ഇന്ത്യക്കാരെ കൊണ്ട് ഒരുമിച്ച് ദേശീയഗാനം ചൊല്ലിക്കുന്ന പരിപാടി കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മാസത്തില്‍ ഒരിക്കല്‍ നടത്തുന്ന റേഡിയോ പ്രഭാഷണ പരമ്പര-മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഈ വര്‍ഷം ഓഗസ്റ്റ് 15-ന് ദേശീയഗാനവുമായി കൂടിച്ചേരാനുള്ള ഉദ്യമമാണ്. പരമാവധി ഇന്ത്യക്കാരെ ഒരുമിപ്പിച്ച് ദേശീയഗാനം ചൊല്ലിക്കാനുള്ള ശ്രമം സാംസ്‌കാരിക മന്ത്രാലയം നടത്തുന്നുണ്ട്. ഈ പുതിയ പരിപാടിയില്‍ നിങ്ങള്‍ എല്ലാവരും പങ്കാളികളാകുമെന്ന് കരുതുന്നു- പ്രധാനമന്ത്രി പറഞ്ഞു.